ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ യഥാര്‍ഥ പേര് സ്ക്രീനില്‍ തെളിയുന്ന ‘കോളിംഗ് നെയിം പ്രസന്റേഷന്' (സിനാപ്) സംവിധാനം നിലവില്‍ വന്നു. കേന്ദ്രനിര്‍ദേശ പ്രകാരമാണ് സിനാപ് രാജ്യമാകെ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ 4ജി, 5ജി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ ഫോണുകളിലാണ് ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നത്. സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്കുന്ന തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും ലഭ്യമാകുക. ട്രൂ കോളര്‍ പോലുള്ള തേഡ്പാര്‍ട്ടി ആപ്പുകള്‍ ഇല്ലാതെ ഈ സൗകര്യം ലഭ്യമാകും. കോളര്‍ ഐഡി സംവിധാനം ലഭ്യമാകാന്‍ ഉപയോക്താവ് പ്രത്യേക ആപ്പുകളോ സെറ്റിംഗ്സോ മാറ്റേണ്ടതില്ല.
സേവ് ചെയ്ത നമ്പറുകളില്‍നിന്നാണു കോളെങ്കില്‍ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക്ഷനുകള്‍ക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാര്‍ക്ക് പേര് (പ്രിഫേഡ് നെയിം) ഉള്‍പ്പെടുത്താന്‍ അവസരം നല്‍കും. പുതിയ ബിസിനസ് കണക്ഷനുകള്‍ക്ക് അതെടുക്കുന്ന സമയത്തു തന്നെ ‘പ്രിഫേഡ് നെയിം' നല്‍കാം. അതേസമയം, വിദേശത്തു നിന്നുള്ള കോളുകള്‍ ‘ഇന്റര്‍നാഷണല്‍ കോള്‍' എന്ന രീതിയില്‍ ദൃശ്യമാകും. ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ 60 ദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.