അമ്പൂരി: ചെറിയ കൈകളിൽ വലിയ കാരുണ്യത്തിന്റെ സന്ദേശവുമായി അമ്പൂരി കുട്ടമല സ്വദേശിയായ മൂന്നാം ക്ലാസുകാരി ആലിയ ഫാത്തിമ.
കോഴിക്കോട് മുക്കം കല്ലുരുട്ടി പ്രദേശത്തെ എസ്എംഎ ബാധിതരായ മൂന്നു കുട്ടികളുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിക്കുന്ന വാർത്ത അമ്മയുടെ ഫോണിൽനിന്നും റീലിലൂടെ കണ്ടതോടെയാണ് അമ്പൂരി കൂട്ടമല ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർഥിനിയായ ആലിയ അവരെ സഹായിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അമ്മ നൗഫിയയോട് ഉണ്ണിയപ്പം ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ട ആലിയ, അവ സ്കൂളിൽ വിറ്റുകിട്ടുന്ന പണം കുട്ടികളുടെ ചികിത്സയ്ക്കായി നൽകാമെന്നു തീരുമാനിക്കുകയായിരുന്നു. മകളുടെ നല്ല മനസിന് അമ്മയും അച്ഛൻ ഷബീറും പൂർണ പിന്തുണ നൽകി. അധ്യാപകരും സഹപാഠികളും ഈ സംരംഭത്തെ സന്തോഷത്തോടെ ഏറ്റെടുത്തു. സ്കൂളിലെ കുട്ടികളും അധ്യാപകരും ഉണ്ണിയപ്പം വാങ്ങി ആലിയയുടെ ശ്രമത്തിനു പിന്തുണ നൽകി.
ആദ്യഘട്ടത്തിൽ ഉണ്ണിയപ്പം വിറ്റ് 1,600 രൂപ സമാഹരിക്കാൻ ആലിയയ്ക്കു കഴിഞ്ഞു. ഈ പ്രവർത്തനത്തിനു ലഭിച്ച പിന്തുണയുടെ ഭാഗമായി സ്കൂളിൽനിന്നു 300 ഉണ്ണിയപ്പങ്ങളുടെ ഓർഡർ കൂടി ലഭിച്ചു. ഇതോടെ കൂടുതൽ തുക സമാഹരിച്ചു കുട്ടികളുടെ ചികിത്സയ്ക്ക് കൈത്താങ്ങാകാമെന്ന പ്രതീക്ഷയിലാണ് ആലിയയും കുടുംബവും.
ആലിയയുടെ മനസിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവളുടെ മറ്റൊരു തീരുമാനമാണ്. അമ്മ വാങ്ങിത്തരാമെന്നു പറഞ്ഞ കളർ ബുക്കു വേണ്ടെന്നും അതിനായി മാറ്റിവെച്ച പണംകൂടി ചികിത്സാസഹായമായി നൽകാമെന്നും ആലിയ പറഞ്ഞു. ആലിയയുടെ അമ്മ നൗഫിയ കൂട്ടമല കെ.ടി. രാജേന്ദ്രൻ സ്മാരക ലൈബ്രറിയിലെ ലൈബ്രേറിയനാണ്. അച്ഛൻ ഷബീറും കുടുംബവും മകളുടെ ഈ നല്ല ശ്രമത്തിന് പിന്തുണയുമായി കൂടെയുണ്ട്. ഒരു മൂന്നാം ക്ലാസുകാരിയുടെ ചെറിയ ആശയം ഒരു വിദ്യാലയത്തിന്റെ കൂട്ടായ്മയിലൂടെ വലിയൊരു കാരുണ്യപ്രവർത്തനമായി മാറുകയാണ്. ഉണ്ണിയപ്പം വിൽക്കുന്നതിലൂടെ ആലിയ സമാഹരിക്കുന്നത് പണം മാത്രമല്ല, പങ്കുവെക്കലിന്റെയും സഹജീവിസ്നേഹത്തിന്റെയും വലിയൊരു സന്ദേശം കൂടിയാണ്. ആലിയയുടെ ഈ മാതൃകാപരമായ പ്രവർത്തനം നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.