കോഴിക്കോട്: നാദാപുരത്ത് വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ മാതാവിനെ ക്രൂരമായി മർദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ പോത്തേരി വീട്ടിൽ യാസറിനെതിരെയാണ് മാതാവിന്റെ പരാതിയിൽ നാദാപുരം പൊലിസ് കേസെടുത്തത്.
വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ വിളിച്ച് പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു മകന്റെ ആക്രമണം. മാതാവിനെ ക്രൂരമായി മർദിക്കുകയും കഴുത്തിന് പിടിച്ച് തല ചുമരിൽ ഇടിപ്പിക്കുകയും ഹാളിലേക്ക് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ, വയറ്റിൽ ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത പൊലിസ് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.