പൊൻകുന്നം: പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച സംഘത്തിലെ നാലുപേർ കാഞ്ഞിരപ്പള്ളി ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. ഒന്നാംപ്രതി ചിറക്കടവ് കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനെ (37) നേരത്തെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം അഞ്ചിനാണ് ചിറക്കടവ് തെക്കേത്തുപടി - വാണിയേടത്ത് സ്കൂൾ റോഡിൽ പറഞ്ഞകാട്ട് ഉത്രജ് രാജീവിന്(16) മർദനമേറ്റത്. ഉത്രജിന്റെ സുഹുത്തുക്കളും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് അവരുടെ ഫോൺ നമ്പർ ചോദിച്ചെത്തിയപ്പോഴാണ് സംഭവം.
ചിറക്കടവ് വാണിയിടം ഭാഗത്ത് കൂതയ്ക്കൽ കെ.വി. അഭിജിത്ത് (35), പുല്ലുപാലത്ത് വീട്ടിൽ വിഷ്ണു ബിനു (19), കുഴിപ്പള്ളാത്ത് ബിനു ചന്ദ്രൻ ( 35), ചിറക്കടവ് പാലയ്ക്കൽ പി.എസ്. ശ്രീജിത്ത് (32) എന്നിവരാണ് കാഞ്ഞിരപ്പള്ളി ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. നാലുപേരെയും റിമാൻഡ് ചെയ്തു.
ഉത്രജിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിയ രണ്ട് സുഹൃത്തുക്കൾ വഴിയിലുണ്ടായിരുന്ന അരുണും സംഘവുമായി വാക്കേറ്റമുണ്ടായി. ഉത്രജിന്റെ സുഹൃത്തുക്കൾ ബൈക്കിൽ മടങ്ങുകയും ചെയ്തു. ബൈക്കിലെത്തിയ സുഹൃത്തുക്കളുടെ ഫോൺ നമ്പർ ചോദിച്ച് അരുണും സംഘവും ഉത്രജിന്റെ വീട്ടിലെത്തി. ഉത്രജ് നമ്പർ നൽകാതെ വന്നതോടെ ഇവർ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചുവെന്നും വഴിയിൽ ഇറക്കിവിട്ടുവെന്നുമാണ് കേസ്.