Kerala
തിരുവനന്തപുരം: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ സർജറി നടത്തിയ ഡോക്ടർ ഷാഹിദയ്ക്ക് സസ്പെൻഷൻ.
ഷാഹിദയ്ക്കു പുറമേ നഴ്സ് ധന്യയെയും സസ്പെൻഡ് ചെയ്തു. ചികിത്സാപ്പിഴവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്റ് ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് അനസ്ത്യേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ട് നഴ്സുമാരും ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘമാണ് 2021 മേയ് 12ന് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്.
Kerala
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയിൽ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തിൽ തീരുമാനിക്കും.
അമൃതയിൽ അഡ്മിറ്റ് ചെയ്ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.