ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ അന്നത്തെ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന് നാലംഗ സമിതി റിപ്പോർട്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
അന്വേഷണറിപ്പോർട്ട് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷന്‍ (ഡിഎംഇ) കൈമാറി. ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വിദഗ്ധസംഘം ഇന്ന് റിപ്പോർട്ട് നൽകും. ഇരു റിപ്പോർട്ടുകളും പരിഗണിച്ചാകും തുടർനടപടി.
പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണം കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തുമ്പോൾ ചെറിയ രക്തക്കുഴലുകൾ മുറിഞ്ഞ് രക്തം പോകുന്നത് തടയാനായി ഉപയോഗിക്കുന്നതാണിത്.
ആഭ്യന്തര അന്വേഷണത്തിനു പുറമെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ വാമനൻ, ഡോ.രഞ്ജു രവീന്ദ്രൻ, ഡോ. തോമസ് എന്നിവരടങ്ങുന്ന സംഘമാണു വിശദപരിശോധനയ്ക്കായി എത്തിയത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആർഎംഒ ഡോ. പി.എൽ. ലക്ഷ്മി ചെയർപേഴ്സണും സർജറി വിഭാഗം മേധാവി ഡോ. എൻ.ആർ.സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. പി.എസ്. അനസൂയ, ഫോറൻസിക് വിഭാഗം അസോ. പ്രഫസർ ഡോ.കെ.ബി. രാഖിൻ എന്നിവരുടേതായിരുന്നു ആഭ്യന്തര അന്വേഷണം.
2021 മേയ് 12നായിരുന്നു ശസ്ത്രക്രിയ. ഈസമയം കോവിഡ് കാലത്തായതിനാൽ സ്റ്റാഫിന്റെ എണ്ണം കുറവായിരുന്നു. പിപിഇ കിറ്റും ഷീൽഡുമടക്കം ധരിച്ചാണു ശസ്ത്രക്രിയ നടത്തിയത്.
പരിമിതികളിൽനിന്നു കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മൊഴി നൽകിയത്. ടീം വർക്കിന്റെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ഇതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്റ് ഡോ.ഷാഹിദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ടു ഡോക്ടർമാരും മൂന്ന് അനസ്തേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ടു നഴ്സുമാരും ഉൾപ്പെടുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ ജോലി ചെയ്യുന്നവരിൽനിന്നു നേരിട്ടും സ്ഥലംമാറിപ്പോയവരിൽനിന്ന് ഓൺലൈനായുമാണ്് മൊഴി രേഖപ്പെടുത്തിയത്.
ചികിത്സാപ്പിഴവിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പിഴവിൽ, ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യവകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവിന് ഇരയായ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് എറണാകുളം അമൃത ആശുപത്രിയിൽ നടക്കും. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉഷയുടെ മകന് ഷിബിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു.
ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ഉഷയുടെ സിടി സ്കാന്‍ പരിശോധന പൂര്‍ത്തിയായി. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അമൃതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമാണ് ഇന്ന് ശസ്ത്രക്രിയ നടത്തുക. നിലവില്‍ ഉഷ ഗാസ്ട്രോ വാര്‍ഡില്‍ ചികിത്സയിലാണ്.
ശസ്ത്രക്രിയയ്ക്കുശേഷം ഉഷയ്ക്ക് തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് രക്തസ്രാവത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോഴാണ് എക്സ്റേയും സ്കാനും നിര്‍ദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
നിയമപരമായി മുന്നോട്ടു പോകുമെന്ന് ഉഷയുടെ മകന് ഷിബിന്‍. അമ്മ അനുഭവിച്ചത് കടുത്ത വേദനയാണ്. മെഡിക്കൽ കോളജിലെ ഡോ. ലളിതാംബികയുടെ വീട്ടിലെത്തി പണം നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : stomach scissors Alappuzha Medical College Usha medical community