ജോസഫ്, ശിക്കാർ, വർഗം, വാസ്തവം തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഉയിർ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു.
പോലീസ് ഉദ്യോഗസ്ഥനായ അൻഷാദിന്റെ ജീവിതത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കണ്ണൂർ ധർമടം പോലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ സേവനമനുഷ്ഠിക്കുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോഷൻ എത്തുന്നത്.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഖിൽ കെ. മേനോനും ഷാജി മാറാടും ചേർന്നാണ്.
ബൈജു സന്തോഷ് ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.
കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നീ അഞ്ച് ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുമ്പോൾ രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. കെ.എസ്. ചിത്ര ഈ ചിത്രത്തിനായി മൂന്ന് ഗാനങ്ങൾ ആലപിക്കുന്നുണ്ട്.
ഗാനരചനയിൽ ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്കൊപ്പം നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും പങ്കാളികളാകുന്നു. സാബുറാം പ്രൊഡക്ഷൻ ഡിസൈനും പി.വി. ശങ്കർ മേയ്ക്കപ്പും ആയിഷ ഷഫീർ സെയ്ത് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. തവസി രാജ് ആണ് സ്റ്റണ്ട് സംവിധായകൻ. പിആർഒ-വാഴൂർ ജോസ്.