തൃശൂർ: ശബരിമലയിലെ നെയ്യിൽപോലും മായമുള്ള ഇക്കാലത്ത് മൂല്യമുള്ള ആയുർവേദഒൗഷധങ്ങൾ നിർമിക്കുന്നതിൽ ആയുഷ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഒൗഷധസസ്യബോർഡ് ഏറെ മുന്നേറിയെന്നു മന്ത്രി കെ. മുരളീധരൻ. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന ഒൗഷധസസ്യകൃഷി ധാരണാപത്രം കൈമാറലും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔഷധങ്ങളുടെ ഗുണമേൻമയാണ് ആയുർവേദചികിത്സയിൽ പ്രധാനഘടകം. മൂല്യമില്ലാത്ത ഒൗഷധങ്ങൾ രോഗം വർധിപ്പിക്കും. ഇതുകൊണ്ടാണ് ഒൗഷധനിർമാണത്തിനായി ബോർഡ് രൂപീകരിച്ചത്. ഒൗഷധസസ്യങ്ങൾ വൻതോതിൽ വളർത്തിയെടുക്കാൻ ക്ഷേത്രങ്ങളുടെ സ്ഥലം ഉപയോഗിക്കുന്നതടക്കം സുപ്രധാന പദ്ധതികൾക്കു രൂപം കൊടുത്തിട്ടുണ്ട്. നെൽകൃഷിയടക്കം കേരളത്തിൽ കൃഷിപാരന്പര്യം പിന്നാക്കമാണെന്നും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഒരേ മനസോടെ മുന്നേറാമെന്നും മന്ത്രി പറഞ്ഞു.
രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, കൗണ്‍സിലർ പൂർണിമ സുരേഷ്, ഒൗഷധി മാനേജിംഗ് ഡയറക്ടർ പി.എം. ലതാകുമാരി, സീതാറാം ആയുർവേദ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ.ഡി. രാമനാഥൻ, എവിഎ ചോലയിൽ ഹെൽത് കെയർ മെഡിമിക്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ്, എസ്എൻഎ ഒൗഷധശാല മാനേജിംഗ് ഡയറക്ടർ ഡോ. പി.ടി.എൻ. വാസുദേവൻ മൂസ്, മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.എ. ഉണ്ണികൃഷ്ണൻ, സംസ്ഥാന ഒൗഷധസസ്യബോർഡ് സീനിയർ സയന്റിഫിക് ഓഫീസർ ഡോ. ഒ.എൻ. പയസ് തുടങ്ങിയവർ പങ്കെടുത്തു.