മുംബൈ: ആന്ത്രോപിക്കിന്റെ ഐപിഒ, ആഗോള നിർമിത ബുദ്ധി (എഐ) വ്യവസായവും ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്ത കന്പനികളും തമ്മിൽ വലിയൊരു മൂല്യനിർണയ അന്തരം സൃഷ്ടിച്ചിരിക്കുകയാണ്. ’ക്ലോഡ്’ (Claude) എന്ന എഐ മോഡലിന്റെ നിർമാതാക്കളായ, അഞ്ച് വർഷം മാത്രം പഴക്കമുള്ള ഈ കന്പനിയുടെ പൂർണ മൂല്യം ഏകദേശം 1.5 ട്രില്യണ്‍ ഡോളറാണ്; ഇത് ഇന്ത്യയിലെ ഏറ്റവും വലിയ 10 കന്പനികളുടെ ആകെ വിപണി മൂല്യത്തേക്കാൾ കൂടുതലാണ്.
ഇന്ത്യയിലെ മുൻനിരയിലുള്ള 10 കന്പനികളുടെ ആകെ മൂല്യം ഏകദേശം 1.04 ട്രില്യണ്‍ ഡോളറാണ്. അതായത്, രാജ്യത്തെ ഏറ്റവും വലിയ 10 ലിസ്റ്റ് ചെയ്ത കന്പനികളുടെ സംയുക്ത മൂല്യത്തേക്കാൾ ഏകദേശം 45 ശതമാനം കൂടുതലാണ് ആന്ത്രോപിക്കിന്റെ മൂല്യം. ഓരോ കന്പനിയെയും വെവ്വേറെ താരതമ്യം ചെയ്യുന്പോൾ ഈ വ്യത്യാസം ഇതിലും വ്യക്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം ഏകദേശം 18.46 ലക്ഷം കോടി രൂപ അഥവാ ഏകദേശം 197.5 ബില്യണ്‍ ഡോളറാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, ആന്ത്രോപിക്കിന്റെ പൂർണ മൂല്യം റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യത്തിന്റെ ഏകദേശം 7.6 മടങ്ങാണ്.
നേരത്തേ സൂചിപ്പിച്ചിരുന്ന 70 മുതൽ 78 ഡോളർ വരെയുള്ള നിരക്കിനേക്കാൾ ഉയർന്ന്, ഒരു ഓഹരിക്ക് 83 ഡോളർ എന്ന നിരക്കിൽ ഐപിഒ വില നിശ്ചയിച്ച് ഐപിഒക്ക് ഇറങ്ങുകയാണ്. സ്റ്റോക്ക് ഓപ്ഷനുകളും നിയന്ത്രിത ഓഹരികളും ഉൾപ്പടെയുള്ള പൂർണ മൂല്യനിർണയത്തിൽ, ക്ലോഡിന്റെ നിർമാതാക്കൾക്ക് ഏകദേശം 1.5 ട്രില്യണ്‍ ഡോളറാണ് ഐപിഒ മൂല്യം കണക്കാക്കുന്നത്. ഇവ ഉൾപ്പെടുത്താതെയുള്ള മൂല്യം ഏകദേശം 1.1 ട്രില്യണ്‍ ഡോളറാണ്.
സ്പേസ് എക്സിനെ മറികടന്നു
ഐപിഒയിൽ റിക്കാർഡ് ഇട്ട് ആന്ത്രോപിക്. ആന്ത്രോപിക്കിന്റെ ഓഹരി വില്പനയിൽ 980 മില്യണ്‍ ഓഹരികളാണ് ഉൾപ്പെടുന്നത്. ഇതിൽ 956.4 മില്യണ്‍ ഓഹരികൾ സ്ഥാപന നിക്ഷേപകർക്ക് വിറ്റു. കന്പനിയുടെ സഹസ്ഥാപകർ 23.6 മില്യണ്‍ ഓഹരികൾ കൂടി വിറ്റഴിച്ചു. ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം ആകെ സമാഹരിച്ച തുക 10730 കോടി ഡോളർറിലെത്തി.
ഇതോടെ സ്പേസ് എക്സിന്റെ റിക്കാർഡിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ആന്ത്രോപിക് സ്വന്തമാക്കി. ജൂണിൽ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഐപിഒ വഴി സമാഹരിച്ചത് 7500 കോടി ഡോളറാണ്. എന്നാൽ, 1.9 ട്രില്യണ്‍ ഡോളർ എന്ന ഉയർന്ന മൂല്യനിർണയം സ്പേസ് എക്സിനുണ്ട്.