ആലപ്പുഴ: നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയുടെ മൊഴിയെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് പ്രസവിച്ച ഉടനെ 19കാരി കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞത്.
സംഭവത്തിൽ പെൺകുട്ടിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാമുകനിൽ നിന്നാണ് ഗര്ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും പെൺകുട്ടി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. അവധിക്ക് വീട്ടിൽ എത്തും. മകൾ ഗർഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി ഒൻപതോടെ കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.