Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.
രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്. തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്കി.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളാണ് റജിസ്ട്രാര്ക്കെതിരേ വിസി നടപടിയെടുക്കാന്‍ കാരണമായത്.
രജിസ്ട്രാറെ അനുകുലിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിയെ പിന്തുണച്ച് ഗവര്‍ണറും രംഗത്തുവന്നതോടെയാണു സര്‍വകലാശാല ആസ്ഥാനം സംഘര്‍ഷഭരിതമായത്. വിസിക്കെതിരേ എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിസി സര്‍വകലാശാല ആസ്ഥാനത്ത് എത്താതെ മാറി നിന്നു.
ഇതു ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് വി.സി. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഫയല്‍ പരിശോധന നടത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടത്.
Kerala
തിരുവനന്തപുരം: വിദ്യാർഥികള്‍ എന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷമാണ് താൻ വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നതെന്നും തടയാതിരുന്നതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും എല്ലാം തകര്‍ക്കുകയുമാണ്. ഇതിനിടയില്‍ ചില വിദ്യാർഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാർഥിയായി തുടരുന്നത് ഒരു പ്രഫഷനായി ചിലര്‍ കൊണ്ടുനടക്കുന്നുവെന്നും വിസി വിമര്‍ശിച്ചു.
അതേസമയം, 20 ദിവസം വൈസ് ചാന്‍സലര്‍ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈമാസം മൂന്നു മുതല്‍ എട്ടാം തീയതി വരെ റഷ്യയില്‍ പോയിരുന്നു. ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാനില്ല. ഇനി ഒരു ഫയല്‍ പോലും ബാക്കിയില്ല. കഴിഞ്ഞ 30നാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രണ്ട് ജീപ്പ് പോലീസ് വാഹന അകമ്പടിയോടെയാണ് അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം കാരണം കഴിഞ്ഞ 20 ദിവസമായി അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയ്ക്ക് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി 200 ല്‍പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ റജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇടത് സിന്‍ഡിക്കേറ്റും എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ ഇടത് സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് പുതിയ രജിസ്ട്രാറെ വിസി നിയമിച്ചിരുന്നു. മിനാ കാപ്പനെയാണ് രജിസ്ട്രാറുടെ ചുമതല നല്കി വിസി നിയമിച്ചത്. നിരവധി ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കാത്തത് വിദ്യാര്‍ഥികളുടെ ഭാവി കാര്യങ്ങളെ ബാധിച്ചിരുന്നു. പല ഫയലുകളിലും ഒപ്പിടാനുള്ള കാരണത്താലാണ് അദ്ദേഹം ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല.
അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം.
അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന് നല്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനുള്ള അധികാരം തനിക്കുണ്ടെന്നാണ് വിസിയുടെ അവകാശവാദം.