അറസ്റ്റു ചെയ്തത് കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ്
കണ്ണൂര്‍: കേരളത്തിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹനമോഷണ ക്കേസിലെ പ്രതിയെ കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് യുപിയിൽനിന്ന് അതിസാഹസികമായി പിടികൂടി. ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ(60) യാണ് ഉത്തര്‍പ്രദേശ് അലിഗഡ് ജില്ലയിലെ യമുന നദിക്കരികിലുള്ള ടപ്പല്‍ എന്ന താമസ സ്ഥലത്തുനിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് വി. ബാലകൃഷ്ണന് നായരുടെ നിര്‍ദേശാനുസരണം ജൂൺ 14 ന് ഹരിയാന പോലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്ഐ മധുസൂദനന്, എഎസ്ഐമാരായ ബിജു, രാജേഷ്കുമാര്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍പി വാറണ്ട് ഉള്‍പ്പെടെ ഒമ്പത് വാറണ്ടുകള്‍ ഇയാള്‍ക്കെതിരേ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുന്നില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.