രാമങ്കരി: പോളയും കടകലും എക്കലും നിറഞ്ഞുകവിഞ്ഞ നാട്ടുതോടിന്റെ ആഴം കൂട്ടാനുള്ള വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിനെതിരേ പ്രതിഷേധം വ്യാപകം.
രാമങ്കരി പഞ്ചായത്തിലെ പുതുക്കരി ഊരുക്കരി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പുതുക്കരി തോടിന്റെ നവീകരണമാണ് നീണ്ടുപോകുന്നത്. 2024-25 വാർഷിക പദ്ധതിയിൽ ഇതിനായി ആറു ലക്ഷം രൂപ നീക്കിവച്ചു. പദ്ധതിക്ക് രൂപം നല്കി മാസങ്ങൾ പിന്നിട്ടിട്ടും നടപ്പാകാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
പോളയും കടകലും എക്കലും മറ്റും കൂന്നുകൂടിയതോടെ അത്യാവശ്യ കാര്യങ്ങൾക്കുപോലും നാട്ടുകാർക്ക് തോട് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചുവരുന്നത്.
പദ്ധതി ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ ചില ഗൂഡ ലക്ഷ്യങ്ങളുള്ളതായാണ് നാട്ടുകാർ സംശയിക്കുന്നത്. ജൂലൈ മാസത്തോടെ കാലവർഷം ശക്തമാകും. തൊട്ടുപിന്നാലെ വെള്ളപ്പൊക്കവും വരും. ഈ സമയം തോട്ടിലെ സ്വാഭാവിക ഒഴുക്കുകൊണ്ട് പോളയുടെയും കടകലിന്റെയും പ്രശ്നം പരിഹരിക്കപ്പെടും. ഇതിലുടെ ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർക്ക് സംശയമുണ്ട്.
കുട്ടനാട്ടിലെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കുട്ടനാട് പാക്കേജിലുൾപ്പെടെ കോടിക്കണക്കിനു രൂപ വിവിധ പദ്ധതികളിലായി ആവിഷ്കരിച്ചിരുന്നെങ്കിലും അതിലൊന്നുപോലും നല്ല നിലയിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥരോ കരാറുകാരോ തയാറായിരുന്നില്ലെന്ന ആക്ഷേപം നേരത്തേതന്നെ നിലനിൽക്കുന്നതാണ്. തൊട്ടുപിന്നാലെയാണ് ഈ പദ്ധതിയുടെ പേരിലും ആക്ഷേപം ശക്തിപ്പെട്ടിട്ടുള്ളത്.
പദ്ധതി ഇപ്പോൾത്തന്നെ ഏറെ വൈകി. അതിനാൽ ഇനിയും വെള്ളപ്പൊക്കം വരുന്നത് പ്രതീക്ഷിച്ച് പദ്ധതി നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.