ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് വെർച്വലായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഫോറിൻ കറസ്പോൺഡന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ (എഫ്സിസിഎസ്എ) ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ പരിപാടിയിലാണ് പ്രസംഗം.
ബംഗ്ലാദേശ് വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്ന വനിതാ നേതാവ് ഇന്ത്യയിൽ പൊതുപ്രസംഗം നടത്തുന്നതിൽ ബംഗ്ലാദേശ് സർക്കാർ എതിർപ്പറിയിച്ചിട്ടുണ്ട്.2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നു സ്ഥാനഭ്രഷ്ടയായപ്പോഴാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു കടന്നത്.
1400ലേറെ പേർ മരിച്ച പ്രക്ഷോഭത്തിന്റെ പേരിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണൽ കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് തുടർച്ചയായി ആവശ്യപ്പെടുന്നതിനിടയിലാണ് പൊതുപ്രസംഗം.ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യസഹമന്ത്രി ഷമ ഒബെയ്ദ് ഇസ്ലാം ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തില്ലെന്ന് ഉറപ്പാക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീറും ഇന്ത്യയുടെ സഹകരണം തേടിയിട്ടുണ്ട്.