ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയ്ക്ക് ചങ്ങനാശേരിയില്‍ തുടക്കമായി. ഇന്നലെ രാവിലെ ഒമ്പതിന് പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം മന്ത്രി റോജി എം. ജോണ്‍ ആദ്യ ടിക്കറ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോയ്ക്ക് നല്കി നിര്‍വഹിച്ചു.
കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യയുണ്ടാകാതെ സൗജന്യയാത്രാ പദ്ധതിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തിനുശേഷം ആര്‍എന്‍ഇ-207 കൃഷ്ണപുരം കാവാലം റൂട്ടിലുള്ള ബസില്‍ മന്ത്രിയും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെ യാത്ര ചെയ്തു.
എടിഒ പി.എ.അഭിലാഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജോബ് വിരുത്തിക്കരി, സന്തോഷ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. എസ്ബി കോളജിലെ വിദ്യാര്‍ഥിനികള്‍ ബസിലെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു. പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റേഷന് ബസ് സ്റ്റോപ്പിലും യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും യാത്രക്കാരുമുള്പ്പെടെയുള്ളവര് ചേര്‍ന്ന് മധുര വിതരണം നടത്തി.