ജനാധിപത്യം വെന്നിക്കൊടി പാറിച്ചു നിൽക്കുന്നു. ഏകാധിപത്യ ഭരണകൂടങ്ങൾ ഒട്ടു മിക്കതും നിലംപതിച്ചു. നവ ലിബറൽ സാമ്പത്തിക സിദ്ധാന്തങ്ങൾ എങ്ങും സ്വീകരിച്ചതായി തോന്നി.
വാണിജ്യം ഉദാരവത്കരിക്കപ്പെട്ടു. സാമ്പത്തിക സംരക്ഷണവാദം അബദ്ധമാണെന്ന പഠനത്തിലേക്ക് രാജ്യങ്ങൾ മാറി. മൂലധനത്തിന്റെ ആഗോളയാത്ര വികസ്വര, അവികസിത രാജ്യങ്ങൾക്കും നേട്ടമാണെന്ന് എല്ലാവരും പഠിക്കുന്നു. ഇന്റർനെറ്റ് ലോകത്തെ വലയിലാക്കാൻ തുടങ്ങുന്നു. മൊബൈൽ ഫോൺ ആശയവിനിമയത്തിന്റെ പുതിയ വാതിലുകൾ തുറക്കുന്നു. മൂലധനത്തിനൊപ്പം തൊഴിലും ആഗോളയാത്ര തുടങ്ങി. എൻജിനിയറിംഗിനും മെഡിസിനും ഒപ്പം വിദേശഭാഷാ പഠനവും സാർവത്രികമായി. പ്രാദേശിക കുടിയേറ്റങ്ങൾ വിട്ട് ആഗോള കുടിയേറ്റത്തിലേക്കായി ലോകശ്രദ്ധ.
തിളക്കമേറിയ തുടക്കം
ഈയൊരു അന്തരീക്ഷത്തിലാണു ലോകം 21-ാം നൂറ്റാണ്ടിലേക്കു കടന്നുകയറിയത്. ക്രിസ്തുവിനു ശേഷമുള്ള മൂന്നാം സഹസ്രാബ്ദത്തിന്റെ തുടക്കം വളരെ തിളക്കമേറിയതായിരുന്നു. എങ്ങും പ്രതീക്ഷയായിരുന്നു. സാങ്കേതികവിദ്യ വളരുന്നു. സമാധാനം പുലരുന്നു. ശീതയുദ്ധം അവസാനിച്ചതോടെ വലിയ സംഘർഷങ്ങൾ മുന്നിൽ കാണുന്നില്ല.
ലോകവ്യാപാര സംഘടന
നൂറ്റാണ്ടു തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ലോകവ്യാപാര സംഘടന (WTO) നിലവിൽ വന്നത്. 1995 ജനുവരി ഒന്നിന്. ചൈനയെ സംഘടനയിൽ ചേർക്കാൻ വഴിയൊരുക്കി അമേരിക്ക -ചെെന കരാർ 1999 നവംബർ 15ന് ഒപ്പുവച്ചു. 2001 ഡിസംബർ 11നു ചൈന സംഘടനയിൽ ചേർന്നു. ലോകവാണിജ്യത്തിന്റെ 99 ശതമാനവും ഇതോടെ ലോകവ്യാപാര സംഘടനയുടെ ചട്ടക്കൂടിലായി. ലോകം അരനൂറ്റാണ്ടു പണിപ്പെട്ടാണ് രാജ്യാന്തര വ്യാപാരത്തിന് ഈ നെെയാമിക സംവിധാനമുണ്ടാക്കിയത്. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിൽ തുടങ്ങിയ നീണ്ട പരിശ്രമത്തിന്റെ ഫലപ്രാപ്തി.
മുമ്പെങ്ങുമില്ലാത്തവിധം ഉയർന്ന സാമ്പത്തികവളർച്ചയുടെ കാലമാണു തുടർന്നു വന്നത്. അമേരിക്കയിൽ തുടക്കമിട്ട 2008-09 ലെ മഹാമാന്ദ്യവും ചൈനയിൽ 2019ൽ തുടക്കമിട്ട കോവിഡ് മഹാമാരിയും താത്കാലികമായി ദുർബലമാക്കിയെങ്കിലും വളർച്ച അതിവേഗം തിരിച്ചു കയറി. ദാരിദ്ര്യ നിർമാർജനത്തിൽ ലോകം വലിയ നേട്ടം കൈവരിച്ചു. വ്യാപാര ഉദാരവത്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും വലിയ സംഭാവന. വാണിജ്യവളർച്ച ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും ദുർബല വിഭാഗങ്ങളെ മുന്നോട്ടു നയിച്ചു. ചോര ചിന്താത്ത ഒരു വലിയ സാമ്പത്തിക- സാംസ്കാരിക വിപ്ലവം.
ഒറ്റയ്ക്കു തകർത്തു
എന്നാൽ 30 വർഷം കഴിഞ്ഞപ്പോൾ ഒരാൾ തനിയേ ആ സംഘടനയെ നിഷ്ഫലമാക്കി. ഒന്നും ചെയ്യാൻ കഴിവില്ലാതെ നോക്കുകുത്തിയായി ജനീവയിലെ ഡബ്ല്യുടിഒ ആസ്ഥാനം ഇന്നു നിലകൊള്ളുന്നു. ഒപ്പം ആ സാമ്പത്തികവിപ്ലവം നെയ്തെടുത്ത ആഗോളസ്വപ്നങ്ങൾ അകാലചരമ ഭീഷണിയിലായി. ആ വ്യക്തിയാണ് ഡോണൾഡ് ജോൺ ട്രംപ്.
അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ്. 78-ാം വയസിൽ രണ്ടാം തവണ പ്രസിഡന്റായ ശേഷം 11 മാസം കൊണ്ട് ട്രംപ് ലോകവ്യാപാര സംവിധാനം അടിമുടി മാറ്റി. 2000നു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികസംഭവം അതാണ്. പക്ഷേ, മിക്കവരും ഭയപ്പെട്ടതുപോലെ അതിന്റെ പേരിൽ ലോകം മാന്ദ്യത്തിലേക്കു വീഴുകയോ വലിയ വിലക്കയറ്റത്തിന്റെ പിടിയിലാകുകയോ ചെയ്തില്ല. കാൽ ശതാബ്ദം പിന്നിടുമ്പോൾ മറ്റു ചില കാര്യങ്ങളും സംഭവിച്ചു.
നാലു സംഭവങ്ങൾ
ഈ നൂറ്റാണ്ടിനോടൊപ്പം പിറവിയെടുത്ത സ്വപ്നങ്ങൾ തകർന്നു. പരിധിയില്ലാത്ത ലിബറലിസവും നിയന്ത്രണമില്ലാത്ത കാപ്പിറ്റലിസവും മാത്രമല്ല അതിന്റെ പ്രതിപ്പട്ടികയിൽ. മാറ്റങ്ങൾക്കു വഴിതെളിച്ച നാലു സംഭവങ്ങളും പ്രവണതകളും എടുത്തു പറയണ്ടതുണ്ട്.
ഒന്ന്: 9/11. 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലും വിർജീനിയയിലെ പെന്റഗൺ ആസ്ഥാനത്തും ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണം.
രണ്ട്: ബ്രെക്സിറ്റ്. യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറാൻ 2016 ജൂൺ 23ലെ ഹിതപരിശോധന വഴി ബ്രിട്ടൻ തീരുമാനിച്ചു. 2020ൽ അതു നടപ്പായി.
മൂന്ന്: 2022ൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതും അതിനോടുള്ള പാശ്ചാത്യ പ്രതികരണവും.
നാല്: ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും മാഗാ (MAGA - Make America Great Again) പ്രസ്ഥാനവും.
സംഘർഷം തുടരുന്നു
ഏകധ്രുവലോകം (Unipolar world) നിലവിൽ വന്നു എന്ന വിശ്വാസത്തെ തച്ചുടച്ചതായി 9/11 ആക്രമണം. വിവാദ ചിന്തകനായ സാമുവൽ പി. ഹണ്ടിംഗ്ടൺ 1993ൽ നാഗരികതകളുടെ സംഘട്ടനം (The Clash of Civilization) എന്ന പ്രബന്ധത്തിൽ പറഞ്ഞതുപോലെ പാശ്ചാത്യ- ഇസ്ലാമിക സംഘട്ടനം പുനരാരംഭിക്കുന്നതു ലോകം കണ്ടു.
2001നു ശേഷം ഉസാമാ ബിൻ ലാദനും അയ്മാൻ അൽ സവാഹിരിയും അബൂബക്കർ അൽ ബാഗ്ദാദിയും സദ്ദാം ഹുസൈനും കേണൽ ഗദ്ദാഫിയും ബഷർ അൽ അസദും എല്ലാം വധിക്കപ്പെട്ടെങ്കിലും ഇസ്ലാമിക ലോകം ശാന്തമായിട്ടില്ല. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഇസ്ലാമികസേനകൾ നിരന്തരം ആക്രമണം നടത്തുന്നു. ഇറാന്റെ അണ്വായുധ മോഹങ്ങൾ തകർത്തു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നുണ്ട്. പക്ഷേ ആ രാജ്യം പാശ്ചാത്യർക്കും അവരുടെ മിത്രങ്ങൾക്കും ഭീഷണിയായി തുടരുന്നു. ലോകം പ്രതീക്ഷിച്ച സംഘർഷ വിമുക്തമായ വളർച്ച സാധിക്കില്ലെന്നു കാൽ നൂറ്റാണ്ട് തെളിയിച്ചു.
കൂട്ടായ്മകൾ പിരിയുന്നു
ഒന്നിച്ചു നീങ്ങാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ മോഹം രണ്ടാം ലോകയുദ്ധത്തിനു ശേഷമാണു പ്രായോഗികതയിലേക്കു നീങ്ങിയത്. മിക്ക കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേർന്നതോടെ അമേരിക്കയെ വെല്ലുന്ന ഒരു സാമ്പത്തിക കൂട്ടായ്മ രൂപപ്പെട്ടതാണ്. പക്ഷേ ബ്രെക്സിറ്റ് അതിന്റെ ആവേശം കെടുത്തി. പിന്മാറ്റം ബ്രിട്ടനാണു വലിയ നഷ്ടമായത്. ലോകത്തിന്റെ ധനകാര്യ തലസ്ഥാനം എന്ന പദവി ലണ്ടനു നഷ്ടമായി. വലിയ കമ്പനികൾ ലണ്ടനിൽനിന്നു ന്യൂയോർക്കിലേക്കു ലിസ്റ്റിംഗ് മാറ്റി.
യുക്രെയ്ൻ എന്ന വഴിത്തിരിവ്
യുക്രെയ്ന്റെ ഭാഗമായ ക്രിമിയയെ 2014ൽ റഷ്യ കൈയടക്കിയപ്പോൾ യൂറോപ്യൻ രാജ്യങ്ങളോ അമേരിക്കയോ ഇടപെട്ടില്ല. ശീതയുദ്ധാനന്തര അതിർത്തി മാറ്റിവരച്ചു റഷ്യ ജയിച്ചു. ഇതിന്റെ തുടർച്ചയായാണ് 2022ൽ യുക്രെയ്നെ ആക്രമിച്ചത്. ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉത്പാദകരിൽ ഒന്നായ റഷ്യയെ വിപണിയിൽനിന്നു മാറ്റാൻ ഉപരോധം വഴി ശ്രമിച്ചു.
പക്ഷേ പാശ്ചാത്യ യൂറോപ്പിനു റഷ്യൻ വാതകം ഇല്ലാതെ പറ്റില്ല. അവർക്ക് ഇളവു നൽകി. റഷ്യൻ എണ്ണ കുറഞ്ഞ വിലയ്ക്കു വിൽക്കാൻ തുടങ്ങിയപ്പോൾ ചൈനയും ഇന്ത്യയും അതു വാങ്ങി. അല്ലെങ്കിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറും. ഇതോടെ ഉപരോധം വിഫലമായി. റഷ്യ എണ്ണയും വാതകവും വിറ്റു പണം വാങ്ങി യുദ്ധം തുടർന്നു.
ഇപ്പോൾ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ശ്രമം എത്തിച്ചേരുന്നത് റഷ്യ ആവശ്യപ്പെട്ടവ മിക്കതും അംഗീകരിച്ചുകൊണ്ടാണ്. യുക്രെയ്നെ വിഭജിച്ചും അവരെ നാറ്റോയിൽ ചേർക്കാതെയും അവരുടെ സൈനികശേഷിക്കു നിയന്ത്രണം വച്ചും ഉള്ള വെടിനിർത്തലിനാണു ട്രംപ് ശ്രമിച്ചത്. ഫലത്തിൽ നാറ്റോ തോറ്റുകൊടുക്കുന്നു. ഏകധ്രുവവും പോയി, ശീതയുദ്ധകാലത്തെ ശക്തിസന്തുലനവും പോയി.
മാറുന്ന അമേരിക്കൻ തന്ത്രം
യുക്രെയ്ൻ വിഷയത്തിലെ ട്രംപ് നയം കാണിക്കുന്നത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഇനി അമേരിക്കയെ നോക്കേണ്ട എന്നാണ്. രണ്ടാം ലോകയുദ്ധനന്തരം അമേരിക്ക മുൻകൈയെടുത്തു രൂപംകൊടുത്ത നാറ്റോയെ പ്രയോഗത്തിൽ നിഷ്ഫലമാക്കുന്ന നടപടി. ഇതു തുറന്നുപറയുന്നതാണ് ഏതാനും ആഴ്ച മുമ്പ് ട്രംപ് ഭരണകൂടം തയാറാക്കിയ ദേശീയ സുരക്ഷാതന്ത്ര നയരേഖ (National Security Strategy 2025).
റഷ്യയെയും ചൈനയെയും ശത്രുക്കളും ഒതുക്കേണ്ടവരും ആയി കാണുന്നതായിരുന്നു മുൻപുള്ള എല്ലാ യുഎസ് സുരക്ഷാതന്ത്രങ്ങളും. ഇത്തവണ ട്രംപ് പറയുന്നു: റഷ്യയുമായി സൈനിക സുസ്ഥിരത നിലനിർത്താം. ചൈനയുമായി ശാക്തിക സന്തുലനം പാലിക്കാം. റഷ്യയെ സഖ്യകക്ഷിയും ചൈനയെ മത്സരിക്കുന്ന സാമ്പത്തികശക്തിയും ആയി അംഗീകരിക്കുന്നു എന്നു ചുരുക്കം. മറ്റു ഭൂഖണ്ഡങ്ങളിലെ ദൗത്യങ്ങൾ നിർത്തി യുഎസ് ശ്രദ്ധ അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമാക്കും. റഷ്യക്കു യൂറോപ്പിലെ കാര്യങ്ങൾ നോക്കാം, ചെെനയ്ക്ക് ഏഷ്യയിലെയും. ഇങ്ങനെ തുറന്നുപറഞ്ഞിട്ടില്ല എന്നു മാത്രം.
വീണ്ടും മൺറോ സിദ്ധാന്തം
ഇതു പുതിയതല്ല. 1823ൽ പ്രസിഡന്റ് ജയിംസ് മൺറോ ഇങ്ങനെയൊരു സിദ്ധാന്തം പ്രഖ്യാപിച്ചതാണ്. യൂറോപ്യൻ ശക്തികൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യം തടയാൻ ശ്രമിച്ചപ്പോഴായിരുന്നു അത്. നിങ്ങൾ ഇവിടെ ഇടപെടാതിരുന്നാൽ ഞങ്ങൾ അങ്ങോട്ടു വരില്ല എന്ന്.
1930കളുടെ അവസാനം വരെ അമേരിക്ക ഈ മൺറോ സിദ്ധാന്തം മുറുകെപ്പിടിച്ചു. ഒന്നാം ലോകയുദ്ധം കഴിഞ്ഞു ലീഗ് ഓഫ് നേഷൻസ് ഉണ്ടാക്കാൻ പ്രസിഡന്റ് വൂഡ്രോ വിൽസൺ മുൻകൈ എടുത്തിട്ടും അമേരിക്ക ആ സഖ്യത്തിൽ ചേരാത്തത് അതുകൊണ്ടാണ്.
ആ നയത്തിലേക്കു മടങ്ങിയാൽ അമേരിക്കയുടെ സൈനിക ചെലവുകൾ കുറയ്ക്കാം എന്നു ട്രംപ് കരുതുന്നു. ലോകത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അമേരിക്കയുടെ പണവും കഴിവും ഉപയോഗിക്കേണ്ട. ലോകരംഗത്തുനിന്ന് ഒരു പിന്മാറ്റം.
ഏഷ്യൻ ശതകം വെറുംസ്വപ്നമോ?
പകരം? തത്കാലം ചിത്രം തെളിഞ്ഞിട്ടില്ല. യൂറോപ്പ് ദുർബലമാണ്. റഷ്യ ആണവശക്തിയാണെങ്കിലും അതു നിലനിർത്താൻ തക്ക സാമ്പത്തിക ശക്തിയില്ല. ചൈന സാമ്പത്തിക ശക്തിയാണെങ്കിലും സ്വീകാര്യത നേടിയിട്ടില്ല. യൂറോപ്പും റഷ്യയും ചൈനയും ജനസംഖ്യ കുറയുന്നതിന്റെ ദൗർബല്യവും നേരിടുന്നു. 21-ാം നൂറ്റാണ്ട് ഏഷ്യൻ ശതകമാണെന്നും ചെെന + ഇന്ത്യ അഥവാ ചിന്ത്യ (CHINDIA) യുടേത് ആണെന്നുമൊക്കെ കുറേക്കാലം ഇന്ത്യൻ അധികാരികൾ പറഞ്ഞിരുന്നു. ചില അമേരിക്കൻ, ഏഷ്യൻ എഴുത്തുകാരും അങ്ങനെ എഴുതി.
2020ൽ ചൈന ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ ശേഷം അതു കേൾക്കാതായി. പരസ്പര സഹകരണം എളുപ്പമല്ലാത്ത ഈ രാജ്യങ്ങൾക്ക് ലോകത്തിന്റെ വളർച്ചയുടെ അമരത്ത് എത്താനാകുമോ എന്നതു കണ്ടറിയേണ്ട കാര്യമാണ്.
മാഗാ ആശയം, തീരുവയുദ്ധം
അമേരിക്കയിലേക്കു കുടിയേറ്റം നിർത്തുക, അനധികൃതമായി വന്നവരെ പുറന്തള്ളുക തുടങ്ങിയവ ലക്ഷ്യങ്ങളാക്കിയാണു മാഗാ പ്രസ്ഥാനം ഉടലെടുത്തത്. ഡോണൾഡ് ട്രംപ് 2016ൽ ജയിച്ചപ്പോൾ ഇതു പലതും നടപ്പാക്കാൻ സാധിച്ചില്ല. ഈ രണ്ടാം വാഴ്ചയിൽ അതു വാശിയോടെ നടപ്പാക്കുന്നു. ട്രംപ് ചെയ്യുന്നവ ശ്രദ്ധിക്കുക: വാണിജ്യ ഉടമ്പടികളും നിയമങ്ങളും നിരാകരിച്ചു. ഒരു ഉത്പന്നത്തിന് ഒരു നികുതി എന്ന രീതി മാറ്റി, ഒരു രാജ്യത്തിന് ഒരു നികുതി എന്നാക്കി. ശരാശരി രണ്ടര ശതമാനം ഉണ്ടായിരുന്ന തീരുവ 16 ശതമാനത്തിലേറെയാക്കി. എന്തായാലും ലോകവ്യാപാര സംഘടനയെ ട്രംപ് ഭരണകൂടം അപ്രസക്തമാക്കി.
കാലാവസ്ഥാമാറ്റം ഇല്ല
കഴിഞ്ഞ ഭരണത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ആവശ്യകതയെയും പ്രസക്തിയെയും ട്രംപ് ചോദ്യം ചെയ്തിരുന്നു. അവർക്കുള്ള വിഹിതവും മറ്റും മുടക്കി. ഇത്തവണ അതു തുടങ്ങിയിട്ടില്ല. എന്നാൽ ജി 20 പോലുള്ള കൂട്ടായ്മകളെ അപ്രസക്തമാക്കാനാണു ട്രംപ് ശ്രമിക്കുന്നത്.
2026ൽ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്കാണ്. ഒരു വർഷം നാലു മന്ത്രിതല സമ്മേളനവും ഒരു നേതൃ ഉച്ചകാേടിയുമാണു പതിവ്. ട്രംപ് ഒരു സമ്മേളനം മാത്രം മതി എന്നു തീരുമാനിച്ചു. ജി 20ലെ ബ്രസീലും ദക്ഷിണാഫ്രിക്കയും അടക്കം പല രാജ്യങ്ങളെയും (നേതാക്കളെ) അദ്ദേഹത്തിന് ഇഷ്ടമല്ല. അതുകൊണ്ട് ഈ കൂട്ടായ്മതന്നെ വേണ്ടെന്നു വയ്ക്കാൻ ട്രംപ് ചിന്തിച്ചുകൂടായ്കയില്ല. ആഗോള സഹകരണം എന്ന ഈ നൂറ്റാണ്ടിന്റെ സ്വഭാവത്തെ ഇല്ലാതാക്കുന്നതാണു ട്രംപിന്റെ സമീപനം.
കാലാവസ്ഥാ ഉച്ചകോടിയിലേക്കു പ്രതിനിധികളെ അയയ്ക്കാത്ത ട്രംപ് കൂടുതൽ പെട്രോളിയം ഉത്പാദനത്തിന് പ്രോത്സാഹനം നൽകി. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയ ആനുകൂലങ്ങൾ നിർത്തി. കാറ്റിൽനിന്നും സൂര്യപ്രകാശത്തിൽനിന്നുമുള്ള ഊർജ പദ്ധതികൾ വിലക്കി.
കുടിയേറ്റം വേണ്ട
ആ