കൊച്ചി: നിക്കോട്ടിന്, ടാര്‍ എന്നിവയുടെ അളവ് സിഗരറ്റ് പായ്ക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി പ്രഭാകര്‍ ഹൈക്കോടതിയില്‍.
ഇവയുടെ അളവ് നാമമാത്രമാണെന്നു കണ്ടാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യത കുറവാണെന്ന തെറ്റിദ്ധാരണ ഉപയോക്താക്കളില്‍ ഉണ്ടാക്കാനിടയുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളും ഇത്തരം കണക്കുകള്‍ രേഖപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
പുകയില ഉത്പന്നങ്ങളില്‍ നിലവില്‍ നല്കുന്ന ചിത്രങ്ങള്‍ സഹിതമുള്ള മുന്നറിയിപ്പുകള്‍ ഫലപ്രദമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമത്തിലെ ചില വ്യവസ്ഥകള്‍ വിജ്ഞാപനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്കു കഴിയില്ല.
സിഗരറ്റ് പായ്ക്കറ്റുകളില്‍ ഇവയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലിന മുഖേന കേന്ദ്രം മറുപടി നല്‍കിയത്.
പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം.സങ്കീര്‍ത്തന നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹര്‍ജി വീണ്ടും 30ന് പരിഗണിക്കും.