പേരൂര്‍ക്കട: മണ്ണാമ്മൂല-പേരൂര്‍ക്കട റോഡിലൂടെ വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും യാത്രചെയ്യാനാകാത്ത അവസ്ഥ..! ഓടയിലെ മാലിന്യം റോഡിലൂടെ ഒഴുകുന്നതാണ് ഇതിനു കാരണം. ഒരാഴ്ചയായി മലിനജലം ഇതുവഴി ഒഴുകാന്‍ തുടങ്ങിയിട്ട്.
മണ്ണാമ്മൂലയിലേക്കു പോകുന്ന റോഡിന്റെ ഒരുവശത്തുമാത്രമാണ് ഓടയുള്ളത്. മാലിന്യം ഓടയില്‍ കെട്ടിനിന്നശേഷം അടവുള്ള ഭാഗത്തുകൂടി കടന്നു റോഡിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. വീടുകളില്‍ നിന്നുള്ള മത്സ്യമാംസാവശിഷ്ടങ്ങളും ജീര്‍ണിച്ച ആഹാരാവശിഷ്ടങ്ങളും കക്കൂസ് മാലിന്യവും വരെ ഇതിലൂടെ ഒഴുകിയെത്തുന്നുണ്ട്. കറുത്തു നിറത്തിലുള്ള വെള്ളമാണ് ഓടനിറഞ്ഞു കവിഞ്ഞശേഷം റോഡിലേക്ക് പരക്കുന്നത്.
വാഹനങ്ങളുടെ ടയറുകളില്‍ പറ്റി പേരൂര്‍ക്കടയിലെ പ്രധാന റോഡിലേക്കും ചന്തയുടെ ഭാഗത്തേക്കും ഇവ എത്തുന്നുണ്ട്. മൂന്നുകിലോമീറ്റര്‍ വരുന്ന മണ്ണാമ്മൂല റോഡിന്റെ ഒന്നരകിലോമീറ്റര്‍ ദൂരം തകര്‍ന്നു കിടക്കുകയാണ്. റോഡിലെ കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനയാത്രികര്‍ റോഡിന്റെ ഓരംചേര്‍ന്ന് പോകുമ്പോള്‍ മലിനജലത്തില്‍ കയറുന്നു. സ്വീവേജ് അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകുകയുള്ളൂ.