ഉള്ളൂർ: കുമാരപുരം ജംഗ്ഷനു സമീപം പൊട്ടിയ കുടിവെള്ള പൈപ്പിന്റെ ചോർച്ച വാട്ടർ അഥോറിറ്റി അടിയന്തരമായി പരിഹരിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ പണി ഉച്ചയോടെ പൂർത്തീകരിക്കുകയായിരുന്നു. അരുവിക്കര ടാങ്കിൽനിന്നു കുമാരപുരം ഭാഗത്തേക്കു ശുദ്ധജലം എത്തിക്കുന്ന എസി പൈപ്പിലായിരുന്നു ചോർച്ച കണ്ടെത്തിയത്. പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണി ആരംഭിച്ചതു മൂലം ബർമാ റോഡ്, അവിട്ടം റോഡ്, കുമാരപുരം തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെട്ടു.
ശുദ്ധജലം ആവശ്യമായ സ്ഥലങ്ങളിൽ വാട്ടർ അഥോറിറ്റി ടാങ്കർ ലോറികളിൽ ജലം എത്തിക്കുകയായിരുന്നു. എസി പൈപ്പ് കടന്നുപോകുന്ന ഇതേ ഭാഗത്ത് ഒരു ഹൗസ് കണക്ഷൻ നിലവിലുണ്ടെന്നും ഈ ഭാഗത്തുള്ള ചോർച്ച സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പാളയം സെക്ഷൻ എഇ വ്യക്തമാക്കി. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് വാൽവ് തുറന്നതോടെ ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ജലവിതരണം സാധാരണ നിലയിലായിട്ടുണ്ട്.