പത്തനംതിട്ട: വേനലിന്റെ തുടക്കത്തിൽ തന്നെ ജലസ്രോതസുകൾ വരളുന്നത് ആശങ്ക പരത്തുന്നു. ഡിസംബർ ആദ്യവാരം വരെ ശക്തമായ മഴ ലഭിച്ചിരുന്നുവെങ്കിലും ജനുവരി ആദ്യം തന്നെ വരൾച്ച ജില്ലയുടെ പല പ്രദേശങ്ങളെയും ബാധിച്ചുതുടങ്ങി. കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരളുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കിണറുകൾ അടക്കം കുടിവെള്ള സ്രോതസുകളിൽ വെള്ളം കുറഞ്ഞു തുടങ്ങി. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന പലയിടങ്ങളിലും പന്പിംഗ് ശരിയായി നടക്കുന്നില്ല. ജൽജീവൻ മിഷൻ അടക്കമുള്ള പദ്ധതികളിലൂടെ കുടിവെള്ള വിതരണം കാര്യക്ഷമമായി എന്ന് അവകാശപ്പെടുന്പോഴും വേനലിന്റെ ആരംഭത്തിൽ തന്നെ ആശങ്കപ്പെടുന്ന പ്രദേശങ്ങൾ ഏറെയാണ്.
രണ്ടു വർഷം മുന്പു നടത്തിയ പഠനത്തിൽ ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ഭൂഗർഭ ജലനിരപ്പ് അപകടമാം വിധം താഴുന്നതായി കണ്ടെത്തിയിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് മലയോര ഗ്രാമങ്ങളെ ആശങ്കയിലാക്കുന്ന കണ്ടെത്തലുകൾ ഉണ്ടായത്.
ജില്ലയിലെ മിക്ക കൈത്തോടുകളും, ചെറു ജലാശയങ്ങളും വറ്റിത്തുടങ്ങിയതോടെ ഗ്രാമീണർ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട സാഹചര്യമുണ്ടാകും. പന്പടക്കം നദികളിലെ ജലനിരപ്പും ക്രമാതീതമായി താഴുന്നുണ്ട്.
പ്രളയാനന്തരം ഉണ്ടായ പ്രതിഭാസം
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം ഉൾവലിയാൻ തുടങ്ങിയതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. പ്രളയാനന്തരം ഓരോ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല. ശക്തമായ മഴയിൽ ദിവസങ്ങോളം വെള്ളപ്പൊക്കങ്ങളും പോയ വർഷത്തിൽ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഒരാഴ്ച മഴ പെയ്യാതിരുന്നാൽ നദികളിലെ നീരൊഴുക്ക് കുറയുന്നതാണ് കണ്ടുവരുന്നത്. വേനലിന്റെ തുടക്കത്തിൽ തന്നെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് തുടങ്ങും. കിഴക്കൻ മലയോര ഗ്രാമങ്ങളിലാണ് ഈ പ്രതിഭാസം ഏറ്റുവും കൂടുതൽ കണ്ടുവരുന്നത്.
ജില്ലയിലെ പ്രധാന നദികളായ അച്ചൻകോവിലിലും പമ്പയിലും കല്ലാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ കഴിഞ്ഞയാഴ്ച മഴ പെയ്തെങ്കിലും എല്ലായിടങ്ങളിലും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. മഴയ്ക്ക് ശേഷം അന്തരീക്ഷ താപനില ഉയരുകയും ചെയ്തിട്ടുണ്ട്.
ജലവിതരണ പദ്ധതികളിലും പ്രതിസന്ധി
നദികളെ ആശ്രയിച്ചുള്ള ജലഅഥോറിറ്റിയുടെ പമ്പ് ഹൗസുകളിൽ ജലദൗർലഭ്യത്തെ തുടർന്ന് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിത്തുടങ്ങി. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നില്ല. പത്തനംതിട്ട നഗരത്തിലടക്കം എല്ലാ മേഖലയിലേക്കും പന്പിംഗ് നടത്താനാകാത്ത സ്ഥിതിയുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പന്പിംഗ് എന്ന രീതിയിൽ പലയിടത്തും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ജല അഥോറിറ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടികളുമുണ്ടാകുന്നില്ല. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ കൊടും വരൾച്ച ഉണ്ടാകാറുള്ളത്. എന്നാൽ അതിനു മുന്പുതന്നെ ജലസ്രോതസുകൾ വറ്റിവരളുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും.