പരവൂർ: പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധമായ കുടിവെള്ള ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്ന റെയിൽവേ സ്റ്റേഷനുകളിലും അനുബന്ധ മേഖലകളിലും വായുവിൽനിന്നു വെള്ളം ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിൽനിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന അന്തരീക്ഷ ജല ജനറേറ്ററുകൾ (അറ്റ്സ് മോസ്ഫെറിക് വാട്ടർ ജനറേറ്റേഴ്സ്) വിന്യസിക്കാനുള്ള ശ്രമങ്ങളാണു റെയിൽവേ ബോർഡ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജലക്ഷാമം നേരിടുന്നതും ശുദ്ധജല വിതരണം അത്യാവശ്യമായതുമായ സ്ഥലങ്ങൾ അടിയന്തരമായി തിരിച്ചറിയാൻ വിവിധ റെയിൽവേ സോണുകൾ, ഉത്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയോടു റെയിൽവേ ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
നൂതനവും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ് അന്തരീക്ഷ ജല ജനറേറ്ററുകൾ. പരമ്പരാഗത ജലസ്രോതസുകളായ കിണറുകൾ, പുഴകൾ, ഭൂഗർഭ ജലം എന്നിവയെ ആശ്രയിക്കാതെ ചുറ്റുമുള്ള വായുവിനെ ആഗിരണം ചെയ്ത് അതിലെ ഈർപ്പം ഘനീഭവിപ്പിച്ചാണ് ഈ സംവിധാനം കുടിവെള്ളം നിർമിക്കുന്നത്.
തുടർന്ന് വിവിധ ഘട്ടങ്ങളിലെ ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ ഇതിനെ പൂർണമായും ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്നു. സുസ്ഥിര ജല മാനേജ്മെന്റിനെ പിന്തുണയ്ക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും.