കൊച്ചി: കൊച്ചിയുടെ ദീര്‍ഘകാല കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ആലുവയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിദിനം 190 ദശലക്ഷം ലിറ്റര്‍ (190 എംഎല്‍ഡി) ശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിന് സാങ്കേതിക അനുമതി ലഭിച്ചു. ഇതോടെ പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന കടമ്പ പിന്നിട്ടു. ഇനി ടെന്‍ഡര്‍ നടപടികളികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ടി.ജെ.വിനോദ് എംഎല്‍എ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി പദ്ധതിയുടെ സാങ്കേതിക അനുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അധികൃതര്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ അനാവശ്യമായ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ടി എംഎല്‍എ നിര്‍ദേശിച്ചു. സാങ്കേതിക അനുമതിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ വകുപ്പിലെ മേലധികാരി മുഖേന അടിയന്തരമായി എഡിബിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
എഡിബിയുടെ അംഗീകാരം ലഭിച്ച ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനും പദ്ധതി സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനും നിലവില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഒരുക്കാനും സാധിക്കുമെന്ന് ടി.ജെ.വിനോദ് വ്യക്തമാക്കി.