ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത ഉള്ളടക്കങ്ങളും വിവരങ്ങളും തടസ്സമില്ലാതെ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ ഫീച്ചറുമായി എഐ കമ്പനിയായ ആന്ത്രോപിക്. കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ക്ലോഡ് നിർമിക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്താൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇത് മനുഷ്യരുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നും, പകർത്തി എഴുതിയാലും ടെക്സ്റ്റുകളിൽ ഈ ഡിജിറ്റൽ മുദ്ര നിലനിൽക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ആന്ത്രോപിക് ഈ പുതിയ സുതാര്യതാ സംവിധാനം കൊണ്ടുവരുന്നത്.
ക്ലോഡ് നൽകുന്ന ടെക്സ്റ്റിന്റെ ഉള്ളടക്കത്തിലോ ഗുണനിലവാരത്തിലോ മാറ്റം വരുത്താതെ തന്നെ ടെക്സ്റ്റിനുള്ളിൽ അദൃശ്യമായ കോഡുകൾ ഉൾപ്പെടുത്തും. ടെക്സ്റ്റ് കോപ്പി ചെയ്ത് മാറ്റിയാലും എഡിറ്റ് ചെയ്താലും ഇതിന്റെ അംശം നിലനിൽക്കും.
ഇമേജുകൾ, വെക്റ്റർ ഫയലുകൾ എന്നിവയിൽ സി2പിഎ (C2PA) ഓപ്പൺ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഡിജിറ്റൽ പ്രൊവെനൻസ് മെറ്റാഡാറ്റ നൽകും. ഫയലിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന പുതിയ ക്ലോഡ് മോഡലുകൾക്കെല്ലാം ഈ ഫീച്ചർ ബാധകമാണ്. ക്ലോഡ് പ്ലാറ്റ്ഫോം, ക്ലോഡ് കോഡ്, എപിഐ എന്നിവയ്ക്ക് പുറമെ ആമസോൺ എഡബ്ല്യൂഎസ്, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഫൗണ്ടറി എന്നിവ വഴി ലഭ്യമാകുന്ന ക്ലോഡ് സർവീസുകളിലും ഇത് പ്രവർത്തിക്കും.
എഐ ഉപയോഗിച്ച് ഉപന്യാസങ്ങളും കോഡുകളും വിവരങ്ങളും നിർമിച്ച് സ്വന്തം പേരിലാക്കുന്നവർക്ക് ഈ നീക്കം തിരിച്ചടിയാകും. ഇതിനാൽ തന്നെ ഉപയോക്താക്കളിൽ ചിലർ കമ്പനിയുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പടരുന്നത് തടയാൻ ഇതൊരു നല്ല തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഗൂഗിൾ ഡീപ്മൈൻഡിന്റെ 'സിന്ത് ഐഡി' പോലെ ക്ലോഡിന്റെ അദൃശ്യ വാട്ടർമാർക്കുകൾ പരിശോധിച്ചു കണ്ടെത്താനുള്ള ഡിറ്റക്ഷൻ ടൂളുകൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്