കൊച്ചി: രാജ്യാന്തര റബർ വിപണി സാങ്കേതികമായി ദുർബലമാകുന്നു, ഉത്പാദകർ കരുതലോടെ ചുവടുവച്ചില്ലെങ്കിൽ ടയർ ലോബി തനിനിറം പുറത്തുകാട്ടും. ജലാംശത്തിന്റെ പേരു പറഞ്ഞ് ഉത്തരേന്ത്യൻ ലോബി കുരുമുളക് വില ഇടിച്ചു.
പച്ച ഇഞ്ചി വില ഉയർന്നതോടെ അന്തർസംസ്ഥാന വാങ്ങലുകാർ ചുക്ക് വില ഇടിക്കാനുള്ള നീക്കം. സംസ്ഥാനത്ത് നാളികേരോത്പന്ന വിപണി നിർജീവം, തമിഴ്നാട് ലോബി ചില പ്രത്യേക ഗ്രൂപ്പുമായി ചേർന്ന് കൃത്രിമ വിലക്കയറ്റത്തിനു കൂട്ടുനിന്നു.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചത് അവസരമാക്കി ഊഹക്കച്ചവടക്കാർ. ഈ വാരം വിപണിക്ക് 400 യെന്നിലെ സപ്പോർട്ട് നിർണായകമാവും, തായ്ലൻഡിൽ പ്രതികൂല കാലാവസ്ഥ ടാപ്പിംഗിനു തടസം ഉളവാക്കിയാലോ, യെന്നിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് സംഭവിച്ചാലോ ഒരു പുൾ ബാക്ക് റാലിക്ക് അവസരമൊരുങ്ങും.
പിന്നിട്ടവാരം ജപ്പാനിൽ റബർ കിലോ 413 യെന്നിൽനിന്നു 417 യെന്നിലേയ്ക്ക് ഉയർന്ന അവസരത്തിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ 403ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ പഴയ നിലവാരമായ 413ലാണ്.
നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ റബർ 403ലെ താങ്ങ് നിലനിർത്തി 418-420 യെന്നിലേക്ക് ഉയരാൻ ശ്രമം നടത്താം. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 436-448ലേക്കു സഞ്ചരിക്കാമെങ്കിലും അത്തരമൊരു തിരിച്ചുവരവിന് 10 ശതമാനം സാധ്യതയുള്ളൂ.
അതുകൊണ്ടുതന്നെ ഉയർന്ന തലത്തിൽ വില്പനക്കാർ ഇറങ്ങിയാൽ റബർ 386ലേക്കു തിരുത്തലിന് വിധേയമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ 360യെന്നിൽ താങ്ങ് കണക്കുകൂട്ടാം. ഇതിനിടയിൽ കാലാവസ്ഥാ വ്യതിയാനങ്ങളും ചൈനീസ് വ്യവസായികളിൽനിന്ന് ഡിമാന്ഡും ശക്തമായാൽ റബറിൽ തിരിച്ചുവരവിന് അവസരമൊരുങ്ങും.
ജൂണിൽ തായ് വിപണിയായ ബാങ്കോക്കിൽ റബർ വില ഏകദേശം 11 ശതമാനം ഇടിഞ്ഞു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാക്കും. ചൈനീസ് ടയർ നിർമാതാക്കളിൽനിന്നുള്ള വാങ്ങൽ താത്പര്യം മന്ദഗതിയിലായത് ബാങ്കോക്കിൽ റബറിനെ തളർത്തി. നിരക്ക് കിലോ 288 രൂപയിൽനിന്നും വാരാന്ത്യം 271 രൂപയായി.
വിദേശത്തെ തളർച്ച ആഭ്യന്തര വില ഇടിക്കാനുള്ള അവസരമാക്കാൻ ഇന്ത്യൻ ടയർ ലോബി നീക്കം നടത്തിയെങ്കിലും കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമം താങ്ങായി. നാലാം ഗ്രേഡ് കിലോ 266 രൂപയിൽനിന്ന് 270ലേക്ക് ഉയർന്നു, അഞ്ചാം ഗ്രേഡ് 266ലും ഒട്ടുപാൽ 173 രൂപയിലും ലാറ്റക്സ് 165 രൂപയിലുമാണ്.
കുരുമുളകിനു ഡിമാൻഡ്
ഉത്സവ സീസൺ അടുത്തതോടെ ഉത്തരേന്ത്യയിലെ വൻകിട കറിമസാല നിർമാതാക്കൾ കുരുമുളകിനായി പരക്കംപായുകയാണ്. അവർക്കു മുന്നിലുള്ള മാസങ്ങളിലെ ആവശ്യത്തിനുള്ള ചരക്ക് ഇനിയും സംഭരിക്കാനായിട്ടില്ല. ഹൈറേഞ്ചിൽനിന്നും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിൽനിന്നും കൊച്ചിയിലേക്കുള്ള നാടൻ ചരക്കു വരവ് ശക്തമല്ല. അതേസമയം, കലർപ്പുള്ള വിദേശ മുളക് വില്പനയ്ക്ക് ഇറക്കുന്നതിൽ ജലാംശതോത് ഉയർന്നു നിൽക്കുന്നത് വാങ്ങലുകാരെ നിരക്ക് ഇടിക്കാൻ പ്രേരിപ്പിച്ചു.
നാടൻ കുരുമുളക് ആവശ്യമുള്ളവർതന്നെയാണ് ഇത്തരം ഈർപ്പമുള്ള കുരുമുളക് രംഗത്തിറക്കി വിലയിടിക്കാനുള്ള അണിയറ നീക്കത്തിനു പിന്നിലെന്ന് വിപണി വൃത്തങ്ങൾ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,400 രൂപയിൽനിന്നു വാരാന്ത്യം 69,700 രൂപയായി. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5600 ഡോളറിനും വിയറ്റ്നാം 6400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്കും നേട്ടം
ചുക്ക് വിപണിയിലെ വിലക്കയറ്റത്തിനിടയിൽ പച്ച ഇഞ്ചി വിലയും ചൂടുപിടിക്കുന്നതു കണ്ട് ഒരു വിഭാഗം വാങ്ങലുകാർ രംഗത്തുനിന്നു പിൻവലിഞ്ഞു. കൊച്ചിയിൽ മീഡിയം ചുക്ക് 32,500 രൂപയിലും ബെസ്റ്റ് ചുക്ക് വില 35,000 രൂപയിലുമാണ് ഇടപാടുകൾക്കു തുടക്കംകുറിച്ചത്. ചുക്കിന്റെ വിലക്കയറ്റം കണ്ട് ഇഞ്ചി കർഷകർ അവരുടെ ഉത്പന്നത്തിനു കൂടിയ വില ആവശ്യപ്പട്ടത് ചുക്കിനായി രംഗത്തെത്തിയ കയറ്റുമതിക്കാരെയും ആഭ്യന്തര വ്യവസായികളെയും ഞെട്ടിച്ചു.
ഇഞ്ചി വില കിലോ 260 രൂപയിലേക്കു മുന്നേറിയതിനിടയിൽ മീഡിയം ചുക്ക് വില 31,000 രൂപയിലേക്കും ബെസ്റ്റ് ചുക്ക് 32,500 രൂപയായും താഴ്ന്നു. ഇന്ത്യൻ മാർക്കറ്റിലെ വിലക്കയറ്റ വിവരം അറബ് രാജ്യങ്ങളിൽനിന്നു പുതിയ അന്വേഷണങ്ങൾക്കു വഴിയൊരുക്കി. എന്നാൽ, വിദേശ വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കയറ്റുമതി ലോബി രഹസ്യമാക്കുന്നു. ഇതിനിടയിൽ പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് വിളനാശം സംഭവിച്ചതു വിലക്കയറ്റത്തിന് വേഗത പകരാം.