കോഴിക്കോട്: കേരളത്തില്‍ സഹകരണ മേഖലയില്‍ കോ എയര്‍ എന്ന പേരില്‍ പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തി ചെറു വിമാന സര്‍വീസ് തുടങ്ങാനുള്ള പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു.
രാജ്യത്ത് വ്യോമയാന മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വലിയ സാധ്യതയാണ് തുറക്കാന്‍ പോകുന്നതെന്നും ഇത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ സഹകരണ മേഖല മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര വിമാന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ സ്റ്റേജ് രണ്ട് പദ്ധതിയില്‍ ഇത്തരം വിമാന സര്‍വീസുകള്‍ക്കു വലിയ സാധ്യതകളുണ്ട്.
പുതുതായി 100 വിമാനത്താവളങ്ങള്‍
അടുത്ത 10 വര്‍ഷത്തില്‍ പുതുതായി 100 വിമാനത്താവളങ്ങള്‍ തുടങ്ങും. ഇതിനായി 30,000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നത് കേരളത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്കും വലിയ നേട്ടമാവുമെന്നം മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന്, വൈസ് ചെയര്മാന് പി.കെ. അബ്ദുള്ളക്കോയ, കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ഡയറക്ടര്‍ കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ എന്നിവര്‍ മന്ത്രിയെ നേരില്‍ കണ്ട് കോ എയര്‍ പദ്ധതി വിശദീകരിച്ചപ്പോയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര സഹമന്ത്രി മുരളീധര്‍ മോഹല്‍, എയര്‍പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് വിപിന്‍ കുമാര്‍, കേന്ദ്ര വ്യോമയാന സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.