കാർഡിഫ്: ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. കാർഡിഫിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകളെ 26 റൺസിന് തോൽപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ സാധിച്ചുള്ളു. വിൻഡീസിന് വേണ്ടി ഡിയാൻഡ്രി ഡോട്ടിൻ 49 റൺസും ഷെമെയ്ൻ കാംന്പെല്ല 25 റൺസും എടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയങ്ക പാട്ടീൽ നാല് വിക്കറ്റും രാധാ യാദവ് മൂന്ന് വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്.
ഭാരതി ഫുൽമാലിയുടെ അർധസെഞ്ചുറിയുടെയും സ്മൃതി മന്ദാനയുടെയും യാസ്തിക ഭാട്ടിയയുടെയും ഷെഫാലി വർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫുൽമാലി 56 റൺസും മന്ദാന 39 റൺസും യാസ്തിക 36 റൺസും ഷെഫാലി 29 റൺസുമെടുത്തു.
വിൻഡീസിന് വേണ്ടി അഫൈ ഫ്ലെച്ചർ നാല് വിക്കറ്റ് എടുത്തു. കരീഷ്മ റാംഹാരക്കും ആലിയാ അല്ലെയ്നും ഡിയാൻഡ്രെ ഡോറ്റിനും ഓരോ വിക്കറ്റ് വീതം എടുത്തു.