ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്ക്ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളിംഗ് ഫീച്ചർ ഇനി വാട്സ്ആപ്പ് വെബിലും. ബ്രൗസർ വഴി വാട്സ്ആപ്പ് ഉപയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ബീറ്റാ ടെസ്റ്റർമാർക്കായി ഈ സൗകര്യം കമ്പനി ലഭ്യമാക്കിത്തുടങ്ങിയതായി വാട്സ്ആപ്പ് ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തു. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
ഇതുവരെ വാട്സ്ആപ്പ് വെബിൽ ഒരാളോട് മാത്രമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പ് ചാറ്റുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഈ ഫീച്ചർ ലഭിച്ച ഉപയോക്താക്കളുടെ വാട്സ്ആപ്പ് വെബിലെ ഗ്രൂപ്പ് ചാറ്റ് വിൻഡോയ്ക്ക് മുകളിലായി ഒരു കോളിംഗ് ബട്ടൺ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വോയ്സ് കോളാണോ വീഡിയോ കോളാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ സാധിക്കും. ഗ്രൂപ്പിലെ എല്ലാവരെയും ഒന്നിച്ച് വിളിക്കുന്നതിന് പകരം, ആവശ്യമുള്ള അംഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് വിളിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
മൊബൈൽ, ഡെസ്ക്ടോപ്പ് പതിപ്പുകളിലേതുപോലെ തന്നെ വെബ് പതിപ്പിലും ഒരേസമയം 32 പേർക്ക് വരെ ഗ്രൂപ്പ് കോളുകളിൽ പങ്കാളികളാകാം. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഈ കോളുകൾക്കും ബാധകമാണ്. അതുകൊണ്ട് തന്നെ കോളിൽ പങ്കെടുക്കുന്നവർക്ക് അല്ലാതെ വാട്സ്ആപ്പിനോ മാതൃകമ്പനിയായ മെറ്റയ്ക്കോ ഈ സംഭാഷണങ്ങൾ ചോർത്താനാകില്ല.
ഉപയോക്താക്കൾക്ക് ഗ്രൂപ്പ് കോളുകളിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനായി പ്രത്യേക ലിങ്കുകൾ നിർമിക്കാനും പങ്കിടാനും സാധിക്കും. ഈ ലിങ്കുകൾ വഴി 30 ദിവസത്തേക്ക് ആരും കയറിയില്ലെങ്കിൽ ഇവ തനിയെ കാലാവധി തീർന്ന് റദ്ദാകും. കൂടാതെ, അനുവാദമില്ലാതെ ആരും കോളിൽ കയറാതിരിക്കാൻ വെയ്റ്റിംഗ് റൂം നിയന്ത്രണവും ഏർപ്പെടുത്താം.
വീഡിയോ കോളിംഗിനിടെ സ്ക്രീൻ ഷെയറിംഗ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് വോയ്സ് കോളുകളിൽ ലഭ്യമാകില്ല. ഡെസ്ക്ടോപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ ബ്രൗസർ വഴി മാത്രം വാട്സ്ആപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഉപയോക്താക്കൾക്കും, നിലവിൽ വാട്സ്ആപ്പിന് പ്രത്യേക ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ ഇല്ലാത്ത ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ഈ പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും.
നിലവിൽ വാട്സ്ആപ്പ് വെബ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. നിലവിൽ ഈ ഓപ്ഷൻ കാണാത്തവർക്ക് വരും ദിവസങ്ങളിലെ അപ്ഡേറ്റുകളിലൂടെ ഇത് ലഭിക്കുമെങ്കിലും, എല്ലാവരിലേക്കും എന്ന് എത്തുമെന്ന കൃത്യമായ തീയതി വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.