മറ്റക്കര: മറ്റക്കരയില് വീണ്ടുമൊരു കാട്ടുകടന്നല് കൂട് തീയിട്ടു നശിപ്പിച്ചു. അകലക്കുന്നം പഞ്ചായത്തിലെ മൂന്നാം വാര്ഡില് മറ്റക്കര കാരിമല പുറ്റത്താങ്കല് സിറില് പി. ഡൊമനിക്കിനും (തൊമ്മിക്കുഞ്ഞ്) ഭാര്യ ഷേര്ളിക്കും ഇളയ മകൻ ക്ലിസിനു നേരേയും കഴിഞ്ഞ ദിവസങ്ങളില് കാട്ടുകടന്നല് അഥവാ മനക്കുളവിയുടെ ആക്രമണമുണ്ടായിരുന്നു. തൊമ്മിക്കുഞ്ഞിന്റെ വീടിനോടു ചേര്ന്നുള്ള റബര് തോട്ടത്തില് റബര് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ജോജി ജോസഫ് വേങ്ങത്താനമാണ് മനക്കുളവിയുടെ കൂട് കണ്ടെത്തിയത്. ഉടന്തന്നെ വാർഡ് മെംബർ എം.എസ്. രാജു മുല്ലൂരിനെ വിവരമറിയിച്ചതിനെത്തുടര്ന്ന് കടന്നലുകളെ നശിപ്പിക്കാന് വിദഗ്ധനായ പൂഞ്ഞാര് പഞ്ചായത്ത് മുന് പ്രസിഡന്റ് കൂടിയായിരുന്ന ജോഷി മൂഴിയാങ്കലിനെ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി എട്ടോടെ തുടങ്ങിയ ദൗത്യം നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറുകൊണ്ട് ജോഷി പൂര്ത്തിയാക്കി.
കഴിഞ്ഞമാസം ഇതേ സ്ഥലത്തിനടുത്ത് മാരാംകുഴി കുരിശുപള്ളിക്കുസമീപം പാറേല് ബേബിയുടെ റബര് തോട്ടത്തിലും കൂറ്റന് കടന്നല്ക്കൂട് നശിപ്പിച്ചിരുന്നു. കീടനാശിനികളുടെ ഉപയോഗം കുറവുള്ളതുകൊണ്ടും കാടിനു സമാനമായ ആവാസ വൃവസ്ഥയുള്ളതുകൊണ്ടാകാം മനക്കുളവികള് മറ്റക്കരയുടെ പലഭാഗങ്ങളിലും കൂടുകൂട്ടുന്നതെന്ന് ജോഷി പറഞ്ഞു. ഇനിയും ഈ പ്രദേശങ്ങളില് ഇവയുടെ കൂടുകള് ഉണ്ടാകാന് സാധ്യതയുണ്ടെന്നും പരിചയസമ്പന്നരുടെ സഹായമില്ലാതെ നശിപ്പിക്കാന് ശ്രമിക്കരുതെന്നും കുത്തേറ്റാല് ഡോക്ടറുടെ സഹായം തേടണമെന്നും ജോഷി പറഞ്ഞു.
പാലാ ഫയര് സ്റ്റേഷന് സിവില് ഡിഫന്സ് അംഗം ഹരികുമാര് മറ്റക്കര, മഹേഷ് മുതവണ്ടനാനിക്കല്, സുനില് കുന്നേപ്പറമ്പില്, മനോജ് കാരിമല, ഷോജി ആയിരിക്കുന്നന് തുടങ്ങിയവരും കടന്നല് കൂട് നശിപ്പിക്കാൻ നേതൃത്വം നൽകി.