കൊല്ലം: കൊല്ലം, കൊട്ടാരക്കര മേഖലകളിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി മധുര റെയിൽവേ ഡിവിഷന് മീറ്റർ ഗേജ് കാലത്ത് കൊല്ലത്തുനിന്ന് സർവീസ് നടത്തിയിരുന്ന പോത്തന്നൂർ, തിരുനെൽവേലി, തിരുച്ചെന്തൂർ റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. പുനലൂർ–ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടുന്നതിനും പുനലൂർ–കന്യാകുമാരി പാസഞ്ചറിന് കുരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനും തീരുമാനമെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
പുനലൂർ–ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന തീർഥാടന കേന്ദ്രങ്ങൾ തമ്മിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാക്കും.
ഗുരുവായൂർ, വേളാങ്കണ്ണി, നാഗപട്ടണം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
പുനലൂർ–കന്യാകുമാരി പാസഞ്ചർ ട്രെയിനിന് കുരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതോടെ പ്രദേശത്തെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സാധാരണ യാത്രക്കാർക്കും വലിയ പ്രയോജനം ലഭിക്കും.
ഏഴുകോൺ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എഗ്മോർ എക്സ്പ്രസിനും വേളാങ്കണ്ണി എക്സ്പ്രസിനും പുതുവർഷത്തോടെ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ യാഥാർഥ്യമാക്കും. ഇതിന് ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തി ഡിസംബർ മാസത്തോടെ പൂർത്തിയാക്കും.
പുനലൂർ–മധുര–ഗുരുവായൂർ റൂട്ടിലെ വിസ്റ്റാഡം കോച്ച് സർവീസ് തുടരുന്നതിനും യോഗത്തിൽ തീരുമാനമായി. പുനലൂർ–ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾക്ക് നിലവിൽ ആവശ്യമായി വരുന്ന ബങ്കർ എൻജിൻ സംവിധാനം ഒഴിവാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
പാതയുടെ ചരിവ്, സുരക്ഷാ മാനദണ്ഡങ്ങൾ, എൻജിൻ ശേഷി തുടങ്ങിയ സാങ്കേതിക വശങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
തെങ്കാശി–ഭഗവതിപുരം റൂട്ടിൽ നിലവിലുള്ള മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധി 90 കിലോമീറ്ററായി ഉയർത്തും.
ശബരിമല തീർഥാടനകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊട്ടാരക്കര വഴി കൊല്ലം–കോട്ടയം മേഖലയെ ബന്ധിപ്പിക്കുന്ന പ്രത്യേക ശബരിമല ട്രെയിൻ ഈ തീർഥാടനകാലത്ത് ഏർപ്പെടുത്തും. കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള തീർഥാടകർക്കും കൊല്ലം–കോട്ടയം മേഖലയിലെ യാത്രക്കാർക്കും ഈ സർവീസ് ഏറെ ആശ്വാസമാകും.
ആവണീശ്വരം റെയിൽവേ
മേൽപ്പാലം: നടപടികൾക്ക് വേഗം
കൊല്ലം: ആവണീശ്വരം റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വീണ്ടും വേഗം. പദ്ധതിയുടെ പുതുക്കിയ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗിന് ഡിസംബർ മാസത്തോടെ റെയിൽവേയുടെ അംഗീകാരം ലഭ്യമാക്കുമെന്ന് മധുരൈ ഡിവിഷൻ അധികൃതർ അറിയിച്ചു. അംഗീകാരം ലഭിക്കുന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടമായ സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കാനാകും. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ മധുരൈ ഡിവിഷനിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ശബരിമല ബൈപാസ് ഗതാഗതത്തിനും പുനലൂർ, പത്തനാപുരം മേഖലകളിൽ നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പുതുക്കിയ ഡ്രോയിംഗിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഏജൻസികളും ജില്ലാ ഭരണകൂടവും ഏകോപിപ്പിക്കേണ്ടതുണ്ട്. സാങ്കേതിക അംഗീകാരവും സ്ഥലമേറ്റെടുപ്പും സമയബന്ധിതമായി പൂർത്തിയാക്കി നിർമാണഘട്ടത്തിലേക്ക് പദ്ധതി എത്തിക്കുകയാണ് ലക്ഷ്യം.
ഡിസംബറിൽ തന്നെ പുതുക്കിയ ഡ്രോയിംഗിനു അംഗീകാരം ലഭ്യമാക്കുന്നതിനും അതിനു പിന്നാലെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.