വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് കര തൊട്ടു. 125 കിലോമീറ്റർ വേഗത്തിൽ വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. അടുത്ത നാല് മണിക്കൂർ കൂടി കാറ്റ് ഇതേ വേഗതയിൽ തുടരും.
ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി വീണു. ബോട്ടുകൾ ഒഴുകിപ്പോയതായും റിപ്പോർട്ട്. സാധാരണ വേലിയേറ്റനിരപ്പിനേക്കാൾ ഒന്നര മുതൽ രണ്ടര മീറ്റർ വരെ കടൽവെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. തീരദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, അർണബ് കര തൊടുന്നതിന് മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.52 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പില്ല.