പെരിങ്ങുളം: പ്രായം 57, മെഡലുകൾ 22. കായികരംഗത്ത് പെരിങ്ങുളത്തിന്റെ അഭിമാനമായി ലിസി തോമസ് കരോട്ടുചിറയ്ക്കൽ. 57-ാം വയസിലും അത്ലറ്റിക്സ് രംഗത്ത് സജീവമായി തുടരുന്ന ലിസി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കി ശ്രദ്ധേയയാകുന്നു.
വിവിധ ഇനങ്ങളിലായി ഇതുവരെ എട്ട് സ്വർണവും എട്ട് വെള്ളിയും ആറു വെങ്കലവും ഉൾപ്പടെ 22 മെഡലുകൾ ലിസി സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ സീനിയർ അത്ലറ്റിക്സിൽ 1,500 മീറ്ററിൽ ഒന്നാം സ്ഥാനവും 800 മീറ്ററിൽ രണ്ടാം സ്ഥാനവും 400 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. 4x100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും 4x400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ 5000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും 1500 മീറ്ററിൽ രണ്ടാം സ്ഥാനവും 800 മീറ്ററിൽ ഒന്നാം സ്ഥാനവും നേടി.
പ്രായം കായികമികവിന് തടസമല്ലെന്നും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏതു പ്രായത്തിലും നേട്ടങ്ങൾ കൈവരിക്കാമെന്നും ലിസിയുടെ വിജയയാത്ര തെളിയിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും കായികരംഗത്തെ സജീവമായ ജീവിതത്തിനും മാതൃകയായ ലിസിയുടെ നേട്ടങ്ങൾ നാടിനും അഭിമാനമാണ്. ഭർത്താവ് സിബിയും മക്കളായ ആന്റോയും അനുവും ലിസിക്കു പ്രോത്സാഹനം നൽകി ഒപ്പമുണ്ട്.