ന്യൂഡൽഹി: പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഔദ്യോഗിക 'വേഡ്മാർക്ക്' (ടെക്സ്റ്റ് ലോഗോ) കൂടുതൽ ആധുനികവും വ്യക്തവുമായ പുതിയ ശൈലിയിലേക്ക് മാറ്റി.
പഴയ കർസീവ് ഫോണ്ട് മാറ്റി കൂടുതൽ ലളിതമായ ഫോണ്ടാണ് ആപ്പിന് മുകളിലായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മാറ്റത്തിന് പിന്നിൽ ഇന്നത്തെ യുവതലമുറയായ 'ജെൻ സി' ആണെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിൽ സ്കൂളുകളിൽ കർസീവ് റൈറ്റിംഗ് നിർബന്ധമല്ലാതാക്കിയതോടെ, പുതിയ തലമുറയ്ക്ക് കർസീവ് എഴുത്തുകൾ വായിക്കാൻ പ്രയാസമാണെന്നാണ് ഉയരുന്ന വാദം. ഇതുകൊണ്ടാണ് ഇൻസ്റ്റാഗ്രാം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന പുതിയ ഫോണ്ടിലേക്ക് മാറിയതെന്ന് എക്സ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ പുതിയ മാറ്റത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്. പുതിയ ഫോണ്ടിലെ 'r' എന്ന അക്ഷരം കാണാൻ 'z' പോലെയാണെന്നും, അതിനാൽ ഇൻസ്റ്റാഗ്രാം എന്നത് ഇപ്പോൾ 'ഇൻസ്റ്റാഗ്സാം' (Instagzam) പോലെ തോന്നിക്കുന്നുവെന്നും പലരും കുറിച്ചു.
10 വർഷത്തോളം പഴക്കമുള്ള ലോഗോ കാലഹരണപ്പെട്ടതായി തോന്നിയതിനാലാണ് പുതിയ മാറ്റം വരുത്തിയതെന്ന് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസ്സേരി ഇൻസ്റ്റാഗ്രാം ത്രെഡ്സിലൂടെ വ്യക്തമാക്കി.