സുല്‍ത്താന്‍ ബത്തേരി: പാടത്ത് ഞാറുനടാന്‍ സ്ത്രീ തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി നെന്മേനി പഞ്ചായത്തിലെ പെണ് കൂട്ടായ്മ. ഗോത്രവിഭാഗം സ്ത്രീകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ടാസ്ക് ഫോഴ്സാണ് വയലില്‍ വേല ചെയ്യാന്‍ സ്ത്രീകളെ ലഭിക്കാത്ത സാഹചര്യം ഒരളവോളം ഒഴിവാക്കുന്നത്.
ചുള്ളിയോട് അമ്പലക്കുന്ന് പണിയ ഊരില്‍നിന്നുള്ള 11 വനിതകള്‍ അംഗങ്ങളായ ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസം പട്ടിയമ്പം പാടശേഖരത്തില്‍ നാലേക്കറില്‍ നാട്ടി നടത്തി. പട്ടിയമ്പം സ്വദേശിനിയും നെല്ക്കര്ഷകയുമായ തങ്കമണിയുടെ നേതൃത്വത്തിലാണ് ഗോത്ര വനിതകള്‍ പാടത്ത് പണിക്കിറങ്ങിയത്. വയനാടന്‍ കുള്ളന്തൊണ്ടിയുടെ ഞാറാണ് നട്ടത്.
നെന്മേനി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിന്ദു അനന്തന്റേതാണ് വയല്‍പ്പണിക്ക് ടാസ്ക് ഫോഴ്സ് എന്ന ആശയം. നെല്‍ക്കൃഷിയില്‍ പാരമ്പര്യ വൈദഗ്ധ്യമുള്ളവരാണ് ഗോത്രവനിതകള്‍. 200 ഏക്കര്‍ വരുന്നതാണ് പട്ടിയമ്പം പാടശേഖരം. അടുത്ത നഞ്ചക്കൃഷിക്കാലത്ത് പാടശേഖരത്തിലെ നാട്ടിപ്പണി പൂര്‍ണമായും ടാസ്ക് ഫോഴ്സിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.
ജില്ലയില്‍ പല ഭാഗങ്ങളിലും ഇതര സംസ്ഥാനത്തൊഴിലാളികളെയാണ് കര്‍ഷകര്‍ നാട്ടിപ്പണിക്ക് ആശ്രയിക്കുന്നത്. ഇവരുടെ നടീല്‍രീതി കര്‍ഷകര്‍ക്ക് സാമ്പത്തികച്ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. നെന്മേനിയിലേതുപോലെ ജില്ലയില്‍ സാധ്യമായ ഇടങ്ങളില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് നാട്ടിപ്പണിക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുമെന്ന് പട്ടിയമ്പത്തെ കര്‍ഷകര്‍ പറയുന്നു.