കോട്ടയം: ഹരിതകര്‍മ സേനാംഗങ്ങള്‍ ജോലിഭാരത്താല്‍ വലയുന്നു. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ജോലി സമയമെങ്കിലും ദിവസവും പത്തു മണിക്കൂറിനു മുകളിലാണ് പലരും ജോലി ചെയ്യുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങി രാത്രിയില്‍ തിരികെ എത്തുന്ന അവസ്ഥയാണ്. ജില്ലയിലാകെ 2,500ലധികം ഹരിതകര്‍മ സേനാംഗങ്ങളാണുള്ളത്. വീടുകളില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കൃത്യമായ സ്ഥലങ്ങളിലെത്തിച്ച് അടുക്കി നനയാതെ വയ്ക്കണം. ശമ്പളവും മറ്റു ആനുകൂല്യങ്ങളുമില്ലേയെന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്.
എന്നാല്‍ നാളുകളായി യൂസര്‍ ഫീയായി വാങ്ങുന്ന 50 രൂപയാണ് വരുമാനം. കടകളില്‍നിന്നു 100 രൂപയാണ് യൂസര്‍ ഫീയായി ഈടാക്കുന്നത്. പലരും ബസിലും മറ്റുമാണ് ജോലിക്ക് എത്തുന്നതും മടങ്ങിപ്പോകുന്നതും. അതിനും പണം കണ്ടെത്തണം. 15 ദിവസം പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സമയമാണ്. പിന്നീടുള്ള 15 ദിവസം ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ തരംതിരിക്കണം. പലഹാരങ്ങളുടെ കവറുകള്‍, മസാലകളുടെ കവറുകള്‍, സാധാരണ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയൊക്കെ തരംതിരിക്കണം.
ഒരു വാര്‍ഡില്‍ 300 മുതല്‍ 600 വരെ വീടുകളുണ്ടാകാം. അതില്‍ ചിലത് പൂട്ടിക്കിടക്കുന്നതാകാം, താമസക്കാരില്ലാത്തതാകാം, പൊളിഞ്ഞു പോയതാകാം. പക്ഷേ, ഇതൊക്കെ പഞ്ചായത്തിന്റെ കണക്കില്‍ പെടുന്നതാണ്. എല്ലാ മാസവും നടത്തുന്ന യോഗത്തില്‍ എന്തുകൊണ്ട് ഈ വീടുകളില്‍ കയറിയില്ല എന്നുള്ള ചോദ്യമുണ്ടാകും. ഇത്തരം വീടുകളെ ഒഴിവാക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറയുന്നു. ഒരു ദിവസം ജോലിക്കു പോകാന്‍ സാധിച്ചില്ലെങ്കില്‍ ജോലിയില്‍നിന്ന് പിന്മാറാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുമെന്നും ആരോപണമുണ്ട്.
അലര്ജിയാലും മറ്റു രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരുണ്ട്. ഇതിനിടയില്‍ ഇവരെ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഏജന്‍സികളെ ഏല്‍പ്പിച്ചുവെന്നും പരാതികളുമുണ്ട്. രാവിലെ ജോലി ആരംഭിക്കുന്ന വീട്ടില്‍ നിന്നും സെല്‍ഫി പഞ്ചായത്തിന്റെ ഗ്രൂപ്പിലേക്ക് അയയ്ക്കണം. സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാനറിയാത്തവരും സേനാംഗങ്ങളുടെ കൂട്ടത്തിലുണ്ട്.
പലപ്പോഴും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും കളക്ഷന്‍ ഫീസ് പിരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അവഹേളനം തുടങ്ങിയവ ഇവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ചില വീടുകളില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്യുആര്‍ കോഡ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല.ചിലര്‍ കളക്ഷന്‍ ഫീസ് നല്കാന് വിസമ്മതിക്കുന്നു. ചിലരാകട്ടെ മാലിന്യങ്ങള്‍ ശുചിയായി നല്‍കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മസേനാംഗങ്ങളെ വിഷമിപ്പിക്കുന്നു.