നെടുങ്കണ്ടം: തൂക്കുപാലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. തേർഡ് ക്യാമ്പ് മാധവവിലാസത്തിൽ അനൂപ് മുരളിക്കാണ് വെട്ടേറ്റത്. തലയ്ക്കു പരിക്കേറ്റ ഇയാളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെടുങ്കണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
ടാക്സി ഡ്രൈവറായ യുവാവ് ശനിയാഴ്ച രാത്രി ഒൻപതോടെ ജോലി കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കടുക്കൻ സന്തോഷ് എന്നയാളാണ് ആക്രമിച്ചതെന്നാണ് അനൂപ് നൽകിയ പരാതിയിൽ പറയുന്നത്.
സന്തോഷുമായി നേരത്തേ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനിടെയാണ് പ്രകോപനമൊന്നുമില്ലാതെ സന്തോഷ് ആക്രമിച്ചതെന്നാണ് ആരോപണം. സന്തോഷിനെതിരേ സമാന കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.