നിലമ്പൂര്‍: നഗരസഭയിലെ വനിതാ കൗണ്‍സിലറെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. 26-ാം ഡിവിഷനിലെ (നെടുമുണ്ടകുന്ന് സംവരണ ഡിവിഷന്) കൗണ്‍സിലര്‍ കെ.പി. പ്രഭയുടെ (63) പരാതിയില്‍ നെടുമുണ്ടകുന്ന് സ്വദേശിയായ മൊടമംഗലം ഉമ്മറിനെതിരേയാണ് നിലമ്പൂര്‍ പൊലിസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ 10ഓടെ മരണവീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉമ്മര്‍ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അധിക്ഷേപത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പ്രഭയെ ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രഭ, തനിക്കുണ്ടായ ദുരനുഭവം നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥിനോട് വ്യക്തമാക്കുന്നതിനിടെയാണ് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വനിതാ കൗണ്‍സിലറെ അധിക്ഷേപിച്ച വ്യക്തിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.