ദി സിങ് തിങ്' - ഈ വരി കേട്ടാൽ മനസിൽ ഓടിയെത്തുന്ന ആ ഓറഞ്ച് രുചി, ഇനി വീണ്ടും കടകളിൽ! അതെ നമ്മുടെ ഗോൾഡ് സ്പോട്ട് തിരികെ വരുന്നു! 26 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ഓറഞ്ച് സോഡ, ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലേക്ക് എത്തുകയാണ്.
ഈ വാർത്ത കേട്ടപ്പോൾ തന്നെ സോഷ്യൽ മീഡിയ മുഴുവൻ നൊസ്റ്റാൾജിയ കൊണ്ട് നിറഞ്ഞു. "ഒടുവിൽ തിരികെ വന്നു!" "എന്റെ കുട്ടിക്കാലം തിരികെ വന്നു!" എന്നൊക്കെ പറഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
ഇന്നത്തെ തലമുറയ്ക്ക് ഗോൾഡ് സ്പോട്ട് എന്ന് പറഞ്ഞാൽ മനസിലാകില്ല. പക്ഷേ 80കളിലും 90s കഴിതും ജനിച്ചവർക്ക്, ഗോൾഡ് സ്പോട്ട് എന്നാൽ ഒരു വികാരമായിരുന്നു.കൊക്കക്കോളയ്ക്ക് പോലും ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന കാലത്ത്, ഇന്ത്യൻ വിപണി അടക്കിവാണത് ഗോൾഡ് സ്പോട്ട് ആയിരുന്നു."ദി സിങ് തിങ്" - ഇതായിരുന്നു അതിന്റെ പ്രശസ്തമായ ടാഗ് ലൈൻ.
കടയിൽ പോയി, ആ ഗ്ലാസ് കുപ്പിയിൽ, ഓറഞ്ച് നിറത്തിൽ തിളങ്ങുന്ന ഗോൾഡ് സ്പോട്ട് വാങ്ങി കുടിക്കുന്നത് തന്നെ ഒരു ആഘോഷമായിരുന്നു.വേനലവധിക്ക്, കളി കഴിഞ്ഞ് വിയർത്ത് വന്നിട്ട്, അമ്മയുടെ കയ്യിൽ നിന്ന് ഒരു രൂപ വാങ്ങി ഓടിപ്പോയി വാങ്ങി കുടിച്ച ആ ഓർമ്മ... ആർക്കാണ് മറക്കാൻ കഴിയുക?പിന്നീട് കൊക്കകോള കമ്പനി ഗോൾഡ് സ്പോട്ടിനെ വാങ്ങി. പിന്നീട് പതിയെ അത് വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. അന്ന് കരഞ്ഞ കുട്ടികൾ ഇന്ന് 40 വയസ്സ് കഴിഞ്ഞ അച്ഛനമ്മമാരാണ്.
26 വർഷത്തിന് ശേഷം തിരികെ വരുമ്പോൾ, ഗോൾഡ് സ്പോട്ട് പഴയ അതേ ഗോൾഡ് സ്പോട്ട് അല്ല.ഇത്തവണ വരുന്നത് പുതിയ ലോ ഷുഗർ ഫോർമുലയിൽ ആണ്. പഴയ രുചി തന്നെ, പക്ഷേ പഞ്ചസാര കുറവ്.കാരണം ഇന്നത്തെ തലമുറ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. പഞ്ചസാര കൂടുതൽ ഉള്ള സോഡകൾ ആരും കുടിക്കില്ല. അത് മനസിലാക്കിയാണ് കൊക്കക്കോള ഗോൾഡ് സ്പോട്ടിനെ പുതിയ രൂപത്തിൽ തിരികെ കൊണ്ടുവരുന്നത്.പാക്കിംഗും പുതിയതാണ്. പഴയ ഗ്ലാസ് കുപ്പിയുടെ ഓർമ്മ നിലനിർത്തിക്കൊണ്ട്, പുതിയ തലമുറയ്ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള ഡിസൈനാണ് ഇപ്പോൾ.
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് നൊസ്റ്റാൾജിയയാണ്.പഴയ സിനിമകൾ റീ-റിലീസ് ചെയ്യുന്നു. പഴയ പാട്ടുകൾ റീമിക്സ് ചെയ്യുന്നു. പഴയ ബ്രാൻഡുകൾ തിരികെ വരുന്നു. ആളുകൾക്ക് അവരുടെ കുട്ടിക്കാലം തിരികെ വേണം.അത് തന്നെയാണ് ഗോൾഡ് സ്പോട്ടിന്റെ തിരിച്ചുവരവിന് പിന്നിലും.