35 രൂപ ദിവസക്കൂലിക്കാരനില്‍ നിന്ന് ലോകക്രിക്കറ്റിന്‌റെ നെറുകയിലേക്ക്! മുനാഫ് പട്ടേലിന്‌റെ അതിശയിപ്പിക്കുന്ന കഥ


2011 ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് യുവ് രാജ് സിംഗ് ആയിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ യുവരാജ് തിളങ്ങിയപ്പോള്‍, മികച്ച ബൗളിങ് പ്രകടനത്തിലൂടെ സഹീര്‍ ഖാനും താരമായി.

എന്നാല്‍ ഇരുവര്‍ക്കും പിന്നില്‍ 11 വിക്കറ്റുമായി ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു ചുക്കാന്‍ പിടിച്ച ഒരു ബോളര്‍ ഉണ്ടായിരുന്നു. പക്ഷേ, അധികമാരും ആ നേട്ടത്തെ കണ്ടില്ല, അല്ലെങ്കില്‍ കണ്ടെന്നു നടിച്ചില്ല. ഇതു കണ്ടിട്ടാകണം ഇന്ത്യന്‍ ടീമിന്‌റെ അന്നത്തെ ബൗളിംഗ് കോച്ചായിരുന്ന എറിക് സൈമണ്‍സ് മുനാഫ് പട്ടേലിനെ 'unsung hero of the world cup win' എന്നു വിശേഷിപ്പിച്ചത്.

അതേ ലോകകപ്പ് നേട്ടത്തിലും മറ്റുള്ളവരാല്‍ അവഗണിക്കപ്പെട്ടുപോയ ഒരു ബൗളറാണ് മുനാഫ് പട്ടേല്‍. 15 വര്‍ഷം നീണ്ട കരിയറിനു വിരാമമിടുമ്പോള്‍ ഇന്ത്യക്ക് നഷ്ടപ്പെടുന്നത് മികച്ചൊരു ബൗളറെയെന്നതില്‍ സംശയമില്ല.

35 രൂപ ദിവസക്കൂലിക്കാരന്‍, ക്രിക്കറ്റിന്‌റെ രാജകുമാരനായ കഥ!

ഗുജറാത്തിലെ ഇഖാര്‍ എന്ന ദരിദ്ര ഗ്രാമത്തില്‍ നിന്നാണ് മുനാഫ് പട്ടേലിന്‌റെ വരവ്. ദാരിദ്ര്യം കൊടികുത്തിവാഴുന്ന ഈ ചെറിയ ഗ്രാമത്തിലെ അധികമാള്‍ക്കാരും കൂലിപ്പണിക്കാരാണ്. മുനാഫിന്‌റെ അച്ഛനും ടൈല്‍സിന്‌റെ പണിയായിരുന്നു.

അച്ഛന്‌റെ പാത പിന്തുടര്‍ന്ന് ടൈല്‍ പണിക്ക് ഇറങ്ങിയ മുനാഫിന് 35 രൂപയുടെ ദിവസക്കൂലിയായിരുന്നു ആദ്യ ശബളം. വീട്ടിലെ ദുരിതത്തോടു പടവെട്ടുമ്പോഴും മുനാഫ് ക്രിക്കറ്റിനെ സ്‌നേഹിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം അവന്‍ കളിക്കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചു.


അച്ഛനു കിട്ടുന്ന ദിവസക്കൂലി മാത്രമായിരുന്നു വീട്ടിലെ ഏക വരുമാനം. അന്ന് ഞാന്‍ ക്രിക്കറ്റ് തെരഞ്ഞെടുത്ത് ഇല്ലായിരുന്നെങ്കില്‍ കുടുംബം പുലര്‍ത്താനായി ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തു പോയെനെ?

'ഞാന്‍ നേടിയതെല്ലാം ക്രിക്കറ്റ് മൂലമാണ്. എനിക്കു നേട്ടങ്ങളെല്ലാം സമ്മാനിച്ചത് ക്രിക്കറ്റ് തന്നെ. ക്രിക്കറ്റ് ഞാന്‍ നിര്‍ത്തുന്നുവെന്നു പറയുമ്പോള്‍ ഇനിയെന്തു ചെയ്യണം എന്നെനിക്കറിയില്ല. കാരണം ക്രിക്കറ്റല്ലാതെ മറ്റൊന്നും എനിക്കു മനസിലാവില്ല,' മുനാഫ് പറഞ്ഞു നിര്‍ത്തുന്നു.

തന്‌റെ കൂടെ കളിച്ചവര്‍ എല്ലാവരും കളി മതിയാക്കി. എനിക്കും പ്രായമായി. യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്നു തോന്നുന്നതിനാല്‍ നിര്‍ത്തുന്നുവെന്നാണ് മുനാഫ് പറഞ്ഞത്. അതേ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ മുനാഫിനെ കണ്ടിട്ട് വര്‍ഷങ്ങള്‍ പലതു പിന്നിട്ടിരിക്കുന്നു.

2006ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച മുനാഫ് അവസാനമായി ഏകദിനം കളിച്ചതും അതേ രാജ്യത്തിനെതിരെ തന്നെ. 2011 സെപ്റ്റംബറിലായിരുന്നു അത്.

അഞ്ചു വര്‍ഷം നീണ്ടുനിന്ന കരിയറില്‍ 70 മല്‍സരങ്ങളില്‍ നിന്നായി 86 വിക്കറ്റുകളാണ് മുനാഫിന്‌റെ സമ്പാദ്യം. 13 ടെസ്റ്റുകളില്‍ നിന്നായി 35 വിക്കറ്റുകളും മൂന്ന് ടി20യില്‍ നിന്നായി നാലു വിക്കറ്റുകളും മുനാഫ് നേടിയിട്ടുണ്ട്. 29 റണ്‍സിനു നാലു വിക്കറ്റ് നേടിയതാണ് മികച്ച ബോളിങ് പ്രകടനം.

ക്രിക്കറ്റിന്‌റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ദുബായില്‍ നടക്കുന്ന ടി10 മല്‍സരത്തില്‍ മുനാഫ് പങ്കെടുക്കും. ഇനി ക്രിക്കറ്റ് പരിശീലകനാകാനുള്ള തയാറെടുപ്പിലാണ് മുനാഫ് ഇപ്പോള്‍.