മരുമകളെ ക്രൂരമായി മർദ്ദിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയും ഭാര്യയും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Saturday, September 21, 2019 1:10 PM IST
സ്ത്രീധനമാവശ്യപ്പെട്ട് റിട്ട. ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും മരുമകളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2017ൽ വിരമിച്ച നൂട്ടി രാമമോഹന റാവുവും ഭാര്യ നൂട്ടി ദുർഗ ജയ ലക്ഷ്മി മകൻ നൂട്ടി വസിഷ്ട എന്നിവരാണ് മകന്റെ ഭാര്യ സിന്ധുവിനെ ക്രൂരമായി മർദ്ദിച്ചത്.
ഈ വർഷം ഏപ്രിൽ 20ന് നടന്ന മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വാക്കുതർക്കത്തിനൊടുവിൽ റാവുവിന്റെ മകൻ ഭാര്യയെ സോഫയിലേക്ക് തള്ളിയിടുന്നതും അടിക്കുന്നതും നിലത്ത് കൂടി വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സമയമെല്ലാം ചെറുമക്കൾ സമീപത്തുണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ മർദ്ദനത്തിൽ നിന്നും അമ്മയെ രക്ഷിക്കുവാൻ ഈ കുരുന്നുകൾ അമ്മയ്ക്ക് അരികിലേക്ക് ഓടിയെത്തുന്നത് വീഡിയോയിൽ കാണാം.
ഗാർഹിക പീഡനമാരോപിച്ച് സിന്ധു ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മർദ്ദനമെന്ന് സിന്ധു പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സംഭവ ദിവസം നൂട്ടി രാമമോഹന റാവുവും ഭാര്യ നൂട്ടി ദുർഗ ജയ ലക്ഷ്മി മകൻ നൂട്ടി വസിഷ്ടയും കൊച്ചുമക്കളും സിനിമയ്ക്കു പോയിരുന്നു. തിരികെ വീട്ടിൽ വന്നപ്പോൾ സിന്ധു ഉറങ്ങുന്നതാണ് വസിഷ്ട കണ്ടത്. തുടർന്ന് ഇദ്ദേഹം സ്ത്രീധനമാവശ്യപ്പെട്ട് സിന്ധുവിനോട് വഴക്കുണ്ടാക്കുകയായിരുന്നു.
വഴക്ക് കൂടിയപ്പോൾ താൻ സഹായത്തിനായി ഒച്ചയുണ്ടാക്കിയെന്നും എന്നാൽ മുറിയിലെത്തിയ ഭർത്താവിന്റെ മാതാപിതാക്കൽ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് സിന്ധു പറയുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ച തന്നെ അവർ അതിക്രൂരമായി മർദ്ദിച്ചുവെന്നും സിന്ധു വ്യക്തമാക്കി. അതിഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിയമനടപടിയുമായി മുൻപോട്ട് പോകുവാനാണ് തീരുമാനമെന്നാണ് സിന്ധു പറയുന്നത്.