ജീവനൊടുക്കാൻ ടൂത്ത് ബ്രഷ് വിഴുങ്ങി; പുറത്തെടുത്തത് 20 വർഷങ്ങൾക്കു ശേഷം
Saturday, August 3, 2019 1:48 PM IST
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ടൂത്ത് ബ്രഷ്. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഷെൻസ്ഹെന്നിലുള്ള ആശുപത്രിയിൽ വച്ചാണ് 51വയസുകാരനായ ഒരാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ ബ്രഷ് എടുത്തത്.
എന്നാൽ 14 സെന്റീമീറ്റർ നീളമുള്ള ഈ ബ്രഷ് 20 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ വയറ്റിൽ എത്തിയതാണെന്നുള്ളതാണ് ഏറെ ആശ്ചര്യകരം. വർഷങ്ങൾക്ക് മുമ്പ് ജീവനൊടുക്കാനാണ് താൻ ബ്രഷ് വിഴുങ്ങിയതെന്ന് അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. പക്ഷെ ബ്രഷ് ശരീരത്തിന് അകത്തായിരുന്നുവെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നും തോന്നാതിരുന്നത് കൊണ്ടാണ് താൻ ചികിത്സ തേടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്തിടെ വയറ് വേദന കലശലായതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം പൂർണആരോഗ്യവാനായെന്നാണ് ആശുപത്രി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.