പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ലെന്ന് കെജിഎഫ് സിനിമയില്‍ പറയുന്നത് വെറുതെയല്ല. സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ഏതറ്റംവരെയും ശ്രമിക്കുന്നവരാണല്ലൊ അമ്മമാര്‍. അതിപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലായാലും സ്ഥിതി വ്യത്യസ്തമല്ല. സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു തള്ളക്കരടിയുടെ വീഡിയോയും പറയുന്നത് അതുതന്നെയാണ്.

സ്പെയിനിലെ കാസ്റ്റൈല്‍ ആന്‍റ് ലിയോണ്‍ മേഖലയിലെ മലനിരകളിലാണ് സംഭവം. മുകളിലൂടെ തന്‍റെ കുഞ്ഞുമായി നടന്നു വരികയായിരുന്നു ഒരു പെണ്‍ കരടി. പെട്ടെന്ന് അവിടേക്കെത്തുന്ന ഒരു ആണ്‍ കരടി അവരെ ആക്രമിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ തന്‍റെ കുഞ്ഞിനെ പുറകിലേക്ക് മാറ്റിയ ശേഷം ആ പെണ്‍കരടി 500 പൗണ്ടോളം ഭാരമുള്ള ആണ്‍ കരടിയുമായി പോരടിക്കാന്‍ തുടങ്ങി.

കരടിക്കുഞ്ഞ് തിരികെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയപ്പോഴേക്കും കരടികള്‍ പോരടിച്ച് മലയുടെ ഒരറ്റത്ത് എത്തിയിരുന്നു. പോരാട്ടത്തിനിടയില്‍ നിയന്ത്രണം വിട്ടുപോയ ഇരു കരടികളും താഴേക്ക് വീഴുന്നതായി വീഡിയോയില്‍ കാണാം. പെണ്‍കരടി ഇടയില്‍ ഒരിടത്ത് തടഞ്ഞു നിന്നെങ്കിലും ആണ്‍ കരടി പിന്നെയും താഴേക്ക് നിപതിച്ചു.

ആണ്‍ കരടി ചത്തു പോയെന്നാണ് "സ്പാനിഷ് പബ്ലിക്കേഷന്‍ കമ്മ്യൂണിക്കേഷന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പെയിനിലെ വന്യജീവി വകുപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചൊവ്വാഴ്ചയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതായാലും തള്ളക്കരടിയുടെ ഈ പോരാട്ട വീര്യം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.