ഭർത്താവിന് പരീക്ഷകളോട് അമിതഭ്രമം; വിവാഹമോചനം വേണമെന്ന് യുവതി
Sunday, September 1, 2019 12:07 PM IST
പരീക്ഷകളോട് അമിതഭ്രമമുള്ള ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പരീക്ഷ തിരക്കുകൾക്കിടയിൽ ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും സ്നേഹിക്കുന്നില്ലെന്നും അങ്ങനെയൊരാൾക്കൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും യുവതി പറയുന്നു. യുപിഎസ്സി പരീക്ഷ കേന്ദ്രങ്ങളുൾപ്പടെ നിരവധി കോച്ചിംഗ് സെന്ററുകളുടെ ഉടമയാണ് ഭർത്താവ്.
ഭാര്യയായ തനിക്ക് യാതൊരു പരിഗണനയും നൽകാതെ അദ്ദേഹം മുഴുവൻ സമയവും ഇതിന് പിന്നാലെയാണെന്ന് ജില്ലാ ലീഗൽ സർവീസ് കൗണ്‍സിലറോട് പരാതിപ്പെട്ട യുവതി തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു.
കുടുംബത്തിലെ ഏക മകനാണ് ഇദ്ദേഹം. മാതാപിതാക്കളുടെ ആരോഗ്യം മോശമായതിനെ തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ ഭർത്താവിൽ നിന്നുള്ള പെരുമാറ്റം സഹിക്കവയ്യാതെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ വിവാഹമോചന ഹർജി സമർപ്പിക്കുകയും ചെയ്തു. വിവാഹമോചനം വേണമെന്ന കടുംപിടുത്തത്തിലാണ് ഇരുവരും.