ആക്രി ഇരുന്പ് വാങ്ങിയത് 15 കോടി രൂപയ്ക്ക്! കൗതുക ലേലത്തിന് പിന്നിലുള്ള ചരിത്രമിങ്ങനെ
വെബ് ഡെസ്ക്
ജീവിതത്തില്‍ ഒരിക്കലെങ്കിലും നാം പഴയതും ഉപയോഗശൂന്യവുമായ സാധനങ്ങള്‍ എടുത്ത് വിറ്റിട്ടുണ്ടാകും. ആക്രി വാങ്ങുന്ന ആളുകള്‍ വളരെ കുറഞ്ഞ വിലയാണ് തരുന്നതെങ്കിലും അത് വാങ്ങി ഇതൊഴിവാക്കുമ്പോള്‍ ഒരു ആശ്വാസമാണ്.

എന്നാല്‍ മനസില്‍ പോലും ചിന്തിക്കാനാവാത്ത വില കൊടുത്ത് ഒരാള്‍ ആക്രി ഇരുമ്പ് വാങ്ങിയെന്ന് കേട്ടാലോ ? ആദ്യം സംശയിക്കും, എത്രയാണാവോ കൊടുത്തത്‍?, എങ്കില്‍ അറിഞ്ഞോളൂ 15 കോടി ഇന്ത്യന്‍ രൂപയ്ക്ക് (1.9 മില്യണ്‍ യുഎസ് ഡോളര്‍) വിറ്റു പോയ ഇരുമ്പ് സാധനങ്ങളെ പറ്റിയുള്ള വാര്‍ത്ത ഏവരേയും അമ്പരിപ്പിച്ചിരിക്കുകയാണ്.

ലേലത്തുകയേക്കാൾ കൗതുകരമായ കഥകളാണ് ഈ ഇരുമ്പ് കഷ്ണങ്ങളുടെ "ചരിത്രത്തിലുള്ളത്'. സംഗതി പഴയൊരു ഫെരാരി കാറിന്‍റെ അവശിഷ്ടങ്ങളാണ്. യുഎസിലെ കലിഫോര്‍ണിയയിലെ ആര്‍എം സോത്ബി ലേലത്തിലാണ് ഇത് വിറ്റു പോയത്. 1945 മോഡല്‍ ഫെരാരി 500 മോണ്‍ഡയല്‍ സ്‌പൈഡര്‍ എന്ന വാഹനത്തിന്‍റെ ഭാഗങ്ങളായിരുന്നു ഇവ.

ലോകത്താകെ കഷ്ടിച്ച് 13 എണ്ണമേ ഈ വാഹനം ഉണ്ടായിരുന്നുള്ളൂ. ഒട്ടേറെ വളവുകളുള്ള റേസിംഗ് ട്രാക്കില്‍ മത്സരിക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ഫോര്‍ സിലിണ്ടര്‍ കാറായിരുന്നു ഇത്. 1952ലും 1953ലും ലോക കാറോട്ട മത്സരത്തില്‍ ഈ മോഡലാണ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.

ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ ഫരീനയാണ് ഈ വാഹനം രൂപകല്‍പന ചെയ്തത്. 1958ലാണ് യുഎസിലേക്ക് ഈ വാഹനത്തിന്‍റെ മോഡലുകള്‍ കയറ്റിയയ്ക്കുന്നത്. അന്ന് സ്‌കാഗ്ലിറ്റി എന്ന കമ്പനി ഇതിന്‍റെ രൂപകല്‍പനയില്‍ വീണ്ടും മാറ്റം വരുത്തിയിരുന്നു. 1960കള്‍ ആയപ്പോഴേയ്ക്കും ഇവയില്‍ ചില മോഡലുകള്‍ അപകടങ്ങളില്‍ പെട്ട് നശിച്ചു പോയി.

ചിലതിന്‍റെ എഞ്ചിന്‍ പൂര്‍ണമായും തകർന്നതിനാൽ വേറെ കാറിന്‍റെ എഞ്ചിന്‍ വെച്ച് ചില മോഡലുകള്‍ ഓടാനും തുടങ്ങി. കാര്‍ ശേഖരണം ഹോബിയാക്കിയ വാള്‍ട്ടര്‍ മെഡ്‌ലിന്‍ എന്നയാള്‍ 1978ല്‍ ഈ മോഡല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങളായി അദ്ദേഹം ആ വാഹനം വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഇതുവരെ വിറ്റുപോയ പഴയ ഫെരാരി കാറുകളില്‍ ഏറ്റവുമധികം ലേലത്തുക ലഭിച്ചത് 1962 മോഡല്‍ ഫെരാരി 250 ജിടിഒ എന്ന മോഡലിനാണ്. 2018ല്‍ നടന്ന ലേലത്തില്‍ 402 കോടി രൂപയാണ് (48.4 മില്യണ്‍ യുഎസ് ഡോളര്‍) ലേലതുകയായി ലഭിച്ചത്. ചില മോണ്‍ഡയല്‍ സ്‌പൈഡര്‍ മോഡലുകള്‍ 41 കോടി രൂപയ്ക്ക് (5 മില്യണ്‍ യുഎസ് ഡോളര്‍) വിറ്റുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.