മോഹൻലാൽ വിളിക്കുന്നു, ഒടിയന്‍റെ തേങ്കുറിശ്ശിയിലേക്ക്..
Thursday, November 23, 2017 6:33 AM IST
മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാഷായവേഷത്തിൽ കാശിയിൽ നിന്നുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ മൂന്നാംഘട്ട ചിത്രീകരണം നടക്കുന്ന "തേങ്കുറിശ്ശി'യുടെ വിശേഷങ്ങളുമായി മോഹൻലാൽ നേരിട്ട് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് ഒടിയന്‍റെ തേങ്കുറിശ്ശി ഗ്രാമത്തെക്കുറിച്ച് താരം വിശദീകരിക്കുന്നത്.

"എനിക്കൊപ്പം എന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം വയസായിരിക്കുന്നു. എന്നാല്‍, തേങ്കുറിശ്ശിക്കെന്ത് ചെറുപ്പമാണ്. അന്ന് ഞാന്‍ ഇവിടുന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസായിട്ടില്ല. ഞാന്‍ എന്‍റെ ഓര്‍മകളിലേക്ക് മടങ്ങട്ടെ, വീണ്ടും കാണാം..യൗവനവും ഓജസും തേജസുമുള്ള ആ പഴയ മാണിക്യനായി' - മോഹൻലാൽ പറയുന്നു.ഐതീഹ്യങ്ങളുടെ പശ്ചാത്തലത്തിൽ വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയന്‍റെ ഏറ്റവും വലിയ പ്രത്യേകത മോഹൻലാലിന്‍റെ വേഷപ്പകർച്ച തന്നെയാണ്. മുപ്പത് വയസുകാരനായ കഥാപാത്രമായും ചിത്രത്തിൽ താരമെത്തുന്നുണ്ട്. ഈ വേഷപ്പകർച്ചയ്ക്കായി ഗ്രാഫിക്സ് ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ മോഹൻലാൽ തീരുമാനിച്ചിരുന്നു. ഇപ്പോൾ അതിന്‍റെ ഭാഗമായുള്ള ചികിത്സയിലാണ് അദ്ദേഹം. ഡിസംബര്‍ അഞ്ചിന് ആരാധകര്‍ കാത്തിരുന്ന പഴയ മോഹന്‍ലാല്‍ തിരിച്ചുവരുമെന്നാണ് സംവിധായകന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. തെന്നിന്ത്യൻ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാബു സിറില്‍ കലാസംവിധാനവും ഷാജി കുമാർ ഛായാഗ്രഹണവും പീറ്റർ ഹെയ്ൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയൻ നിർമിക്കുന്നത്.