ജൂഡ് ഈസ് സോ ക്യൂട്ട്...!
Friday, February 2, 2018 8:19 PM IST
മനുഷ്യ മനസിന്‍റെ ചിന്താതലങ്ങളെ തന്‍റേതായ രീതിയിൽ പലവട്ടം ആവിഷ്കരിച്ചിട്ടുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. പക്ഷേ, ചിരി അദ്ദേഹത്തിന്‍റെ സിനിമാ വഴിയിൽ ഇതുവരെ കണ്ടിരുന്നില്ല. "ഹേയ് ജൂഡി'ലൂടെ അത്യാവശ്യം ചിരിയാവിഷ്കാരം നടത്തി ആ കുറവ് നികത്തിയിരിക്കുകയാണ് ശ്യാമപ്രസാദ്.

മിന്നൽ യാത്രകളൊക്കെ മടുത്തുവെങ്കിൽ നിങ്ങൾക്ക് ശ്യാമപ്രസാദിന്‍റെ ശാന്തമായി ഒഴുകുന്ന ഈ തോണിയിൽ കയറാം. പക്ഷേ, ഒന്നുണ്ട് ഈ തോണിയിൽ ഉള്ളവരെല്ലാം അസാധാരണമായി പെരുമാറുന്നവരാണ്. ഉപദ്രവിക്കുകയോ അക്രമാസക്തരാവുകയോ ഒന്നുമില്ല, മറിച്ച് എല്ലാവരും അവരവരുടേതായ ലോകത്തിലൂടെ സഞ്ചരിക്കുന്നവരാണെന്നു മാത്രം. ജൂഡിന്‍റെ (നിവൻ പോളി) അസാധാരണത്വത്തെ മുന്നിൽ നിർത്തി സാധാരണക്കാരായ ചിലരുടെ അസാധാരണത്വം കൂടി സംവിധായകൻ കാട്ടിത്തരുന്നുണ്ട് ചിത്രത്തിൽ. ’ആരും അത്ര കണ്ട് നോർമൽ അല്ല, അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് പറയാനും സംവിധായകൻ മറക്കുന്നില്ല.



"നോർത്ത് 24 കാതം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വൃത്തിരാക്ഷസനായി എത്തി പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ്. അത്തരത്തിലുള്ള കഥാപാത്രം അല്ലെങ്കിലും അതിനോട് ചേർന്ന് നിൽക്കാൻ ജൂഡ് വെന്പൽ കാട്ടുന്നുണ്ട്. നടപ്പിലും രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം അസാധാരണത്വം പ്രകടമാക്കാൻ ജൂഡിലൂടെ നിവിന് കഴിഞ്ഞട്ടുണ്ട്. വൃത്തിയല്ല മറിച്ച് കണക്കിലാണ് ജൂഡ് മുഴുകിയിരിക്കുന്നത്. കണക്കിന്‍റെ കളിയിൽ ജൂഡിനെ കടത്തിവെട്ടാൻ ആരുമില്ല. ആരേയും ബുദ്ധിമുട്ടിക്കാതെ സുഹൃത്തുക്കളൊന്നും ഇല്ലാതെ ജൂഡ് തന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ കഥ ഗോവയിലേക്ക് പറിച്ച് നടപ്പെടുകയാണ്.

ഇവിടെ നിന്നങ്ങോട്ടാണ് ജൂഡിന്‍റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടായി തുടങ്ങുന്നത്. ജൂഡിന്‍റെ പപ്പയായി ചിത്രത്തിലെത്തുന്നത് സിദ്ദിഖാണ്. കോമഡി ട്രാക്കിലൂടെ ചിത്രത്തെ കൊണ്ടു പോകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും സിദ്ദിഖാണ്. ശ്യാമപ്രസാദ് ചിത്രങ്ങളിൽ സ്വമേധയാ സ്ഥാനം പിടിക്കാറുള്ള "സ്ലോ' ഹേയ് ജൂഡിൽ അകറ്റി നിർത്തുന്നതും സിദ്ദിഖാണ്. മോളിവുഡിൽ നായികയായി അരങ്ങേറിയ തൃഷ, ക്രിസ്റ്റൽ എന്ന കഥാപാത്രമാകാൻ നല്ലതുപോലെ ബുദ്ധിമുട്ടുന്നുണ്ട്. കഥാപാത്രത്തോട് ചേർന്ന് നിൽക്കാത്ത ഡബിംഗ് ആണ് പ്രധാന കല്ലുകടി. ജൂഡിനെ മാറ്റിയെടുക്കാനുള്ള ദൗത്യമാണ് സംവിധായകൻ ക്രിസ്റ്റലിന് നൽകിയിരിക്കുന്നത്.



അടിച്ചുപൊളിച്ച് ജീവിക്കാൻ വെന്പൽ കൊണ്ടുനടക്കുന്ന ക്രിസ്റ്റലുമായി അത്യാവശ്യത്തിന് മാത്രം സംസാരിക്കാറുള്ള ജൂഡ് സൗഹൃദത്തിലാകുന്നതോടെയാണ് ചിത്രത്തിന് വേഗം കൂടുന്നത്. ക്രിസ്റ്റലിന് പാട്ടിലാണ് ഭ്രമമെങ്കിൽ ജൂഡിന് കണക്കിലാണ്. ക്രിസ്റ്റലിന്‍റെ പപ്പയ്ക്ക് (വിജയ്മേനോൻ) ക്രിക്കറ്റിനോടാണ് ഭ്രാന്തെങ്കിൽ ജൂഡിന്‍റെ പപ്പയ്ക്ക് സന്പത്തിനോടാണ്. ഈ നാലുപേരുടെ ഇടയിൽ കിടന്നാണ് സിനിമ വട്ടം കറങ്ങുന്നത്. ആദ്യ പകുതിയിൽ ചിത്രം ഇടയ്ക്കിടെ ചിരിപ്പിച്ച് ഗോവയുടെ ദൃശ്യവിരുന്നും സമ്മാനിച്ചാണ് കടന്നു പോകുന്നത്.

എന്നാൽ രണ്ടാം പകുതിയിൽ ജൂഡിന്‍റെ മനസിനുള്ളിലെ പേടിയെ പന്പ കടത്താനുള്ള നായികയുടെ ശ്രമങ്ങളാണ് കാണാൻ കഴിയുക. സമുദ്രശാസ്ത്രത്തിൽ അഗാധമായ അറിവുള്ള അവന് പക്ഷേ, എന്താണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. മാതാപിതാക്കൾ പറയുന്ന വഴിയെ സഞ്ചരിച്ച് ഒടുവിൽ ചില മാറ്റങ്ങളൊക്കെ തനിക്കും വേണമെന്ന് ജൂഡിന് തോന്നുന്നിടത്താണ് ചിത്രം തിരിച്ചറിവുകളുടെ വഴിയെ നീങ്ങി തുടങ്ങുന്നത്. സെബാസ്റ്റ്യനായി എത്തിയ വിജയ് മേനോൻ കാന്പുള്ള കഥാപാത്രങ്ങളെ ഭംഗിയാക്കാൻ തനിക്കും കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആദ്യ പകുതിയിൽ പതിവ് ശൈലി വിട്ട് സഞ്ചരിച്ച ശ്യാമപ്രസാദ് രണ്ടാം പകുതിയിൽ പതിവ് സ്ലോയിലേക്ക് മടങ്ങി വരുന്നുണ്ട്.



ഗിരീഷ് ഗംഗാധരന്‍റെ കാമറ കണ്ണുകൾ ഗോവൻ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ട്. ഒൗസേപ്പച്ചന്‍റെ പശ്ചാത്തല സംഗീതവും സംഗീതവും ഇടയ്ക്കിടെ രസം പകർന്ന് ചിത്രത്തിന്‍റെ ശാന്തമായ ഒഴുക്കിനൊപ്പം യാത്ര ചെയ്തു. ക്ലൈമാക്സിനോട് അടുക്കുന്പോൾ നായികയുടെ അമിതാഭിനയം കല്ലുകടിയായെങ്കിലും നിവിൻ അതിനെയെല്ലാം ബാലൻസ് ചെയ്യും വിധമുള്ള പ്രകടനം പുറത്തെടുത്ത് ചിത്രം കൈവിട്ടുപോകാതെ പിടിച്ച് നിർത്തുന്നുണ്ട്.

(ശ്യാമപ്രസാദ് മാറി... ആ മാറ്റം ജൂഡിൽ കാണാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.