സൈബർ ക്രൈംബ്രാഞ്ച് രൂപീകരിക്കും: മുഖ്യമന്ത്രി
സൈബർ ക്രൈംബ്രാഞ്ച്  രൂപീകരിക്കും: മുഖ്യമന്ത്രി
Thursday, September 29, 2016 1:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു സൈബർ കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സൈബർ ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐടിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പുതിയൊരു സംവിധാനമായിരിക്കും സൈബർ ക്രൈംബ്രാഞ്ച്. സിബിസിഐഡി, എസ്ബിസിഐഡി വിഭാഗങ്ങൾ പോലെയാകും സൈബർ ക്രൈംബ്രാഞ്ച് പ്രവർത്തിക്കുകയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ധനാഭ്യർഥനയ്ക്കുള്ള മറുപടി പ്രസംഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തിയാണു പോലീസ് സേന ഇപ്പോൾ കേസുകൾ അന്വേഷിക്കുന്നത്. പോലീസിനു പ്രഫഷണൽ സ്വാതന്ത്ര്യം നൽകിയതോടുകൂടി സേന കൂടുതൽ കാര്യക്ഷമമായി. എടിഎം കേസ്, ജിഷ വധം, ഏറ്റുമാനൂർ കൊലക്കേസ് എന്നിവ തെളിയിക്കാൻ കഴിഞ്ഞത് ഇതിനുദാഹരണങ്ങളാണ്. കേസന്വേഷണത്തിൽ ബാഹ്യ– രാഷ്ട്രീയ ശക്‌തികൾ ഇടപെടില്ല. കെട്ടിവച്ച ചിറകു സ്വതന്ത്രമാക്കിയതു പോലെയാണു പോലീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊക്കൂൺ പരിപാടിയിൽ അവതാരകയോടു മോശമായി പെരുമാറിയ ഉദ്യോഗസ്‌ഥനെതിരേ കർശന നടപടിയെടുത്തത് ഇതിന് ഉദാഹരണമാണ്. സംസ്‌ഥാനത്തു ക്രിമിനൽ കേസുകൾ വർധിച്ചുവരുന്ന അവസ്ഥ ഗുണകരമല്ല. അന്വേഷണത്തിനിടയിൽ ഒരാളും കസ്റ്റഡിയിൽ മരിക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.