ഇക്കൊല്ലം തമിഴ്നാടിനു വെള്ളം നൽകാനാവില്ല
ഇക്കൊല്ലം തമിഴ്നാടിനു വെള്ളം നൽകാനാവില്ല
Monday, September 26, 2016 11:36 AM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാവേരി നദിയിൽ നിന്നു ഡിസംബർ കഴിയും വരെ തമിഴ്നാടിനു വെള്ളം നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടി കർണാടക വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാടിനു പ്രതിദിനം 6000 ക്യുസെക്സ് വെള്ളം വിട്ടുനൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാൻ റിസർവോയറിൽ ആവശ്യത്തിനു വെള്ളമില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതെ കർണാടക നൽകിയ പ്രത്യേക അപേക്ഷ പരിഗണിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്നാടും കോടതിയിൽ മറ്റൊരു ഹർജി നൽകിയിട്ടുണ്ട്.

തമിഴ്നാടിനു 3000 ക്യുസെക്സ് വെള്ളം സെപ്റ്റംബർ 31 വരെ വിട്ടുനൽകണമെന്ന കാവേരി തർക്കപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് ഭേദഗതി ചെയ്താണ് 27 വരെ 6000 ക്യുസെക്സ് വെള്ളം നൽകണമെന്നു സുപ്രീം കോടതി നിർദേശം നൽകിയത്. ഉത്തരവ് നടപ്പിലാക്കി വിശദാംശങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള വെള്ളം പോലും കാവേരി നദിയിലും റിസർവോയറിലുമില്ല. ഇതു കണക്കിലെടുക്കാതെയാണ് നേരത്തെ ഉത്തരവിട്ടതെന്നു ചൂണ്ടിക്കാട്ടി സംസ്‌ഥാനത്തെ ഗുരുതരമായ സാഹചര്യം പരിഗണിച്ച് തമിഴ്നാടിനു വെള്ളം നൽകണമെന്ന ഉത്തരവിൽ ആവശ്യമായ മഴ ലഭിക്കുന്നതു വരെ ഭേദഗതി വരുത്തണമെന്നു കർണാടക ആവശ്യപ്പെടുന്നു.


സംസ്‌ഥാനത്തെ കടുത്ത പ്രതിഷേധത്തിന്റെ അടിസ്‌ഥാനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് വെള്ളം വിട്ടുനൽകാനാവില്ലെന്നു പ്രമേയവും പാസാക്കിയിരുന്നു.

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാനുള്ള കർണാടകത്തിന്റെ ശ്രമമാണിതെന്നാരോപിച്ച തമിഴ്നാട്, കർണാടകത്തിനെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കാവേരി തർക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവുകൾക്കെതിരാണ് കർണാടകത്തിന്റെ നീക്കങ്ങൾ. കർണാടകത്തിന്റെ നാല് റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം സംഭരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ഭരണഘടനാ വ്യവസ്‌ഥകളുടെയും ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും അരാജകത്വം സൃഷ്‌ടിക്കുന്ന നടപടികൾ അനുവദിക്കരുതെന്നും തമിഴ്നാട് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.