എസ്ഐ നിയമനം നൽകാമെന്നു മുഖ്യമന്ത്രി; വെറ്ററിനറി സർവകലാശാലയിലെ ജോലി മതിയെന്നു ഷീന
Thursday, February 21, 2019 1:47 AM IST
കൽപ്പറ്റ: കാഷ്മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹവിൽദാർ പൂക്കോട് വാഴക്കണ്ടി വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടിലെത്തിയ മുഖ്യമന്ത്രി വസന്തകുമാറിന്റെ അമ്മ ശാന്ത, ഭാര്യ ഷീന, മക്കളായ അനാമിക, അമർദീപ് എന്നിവരെ ആശ്വസിപ്പിച്ചു. മേപ്പാടി അരപ്പറ്റ വരെ ഹെലികോപ്റ്ററിൽ സഞ്ചരിച്ച മുഖ്യമന്ത്രി രാവിലെ ഒന്പതോടെയാണ് വാഴക്കണ്ടി തറവാട്ടിലെത്തിയത്. ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജൻ എന്നിവർ കൂടെ ഉണ്ടായിരുന്നു. വയനാടിന്റെ ചുമതലയുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ ചേർന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു.
വസന്തകുമാറിന്റെ വീട്ടിൽ പത്തു മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്ന് വസന്തകുമാറിന്റെ കുടുംബാംഗങ്ങൾക്ക് ഉറപ്പുനല്കി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ തസ്തികയിലുള്ള താത്കാലിക ജോലി സ്ഥിരപ്പെടുത്താമെന്നും താത്പര്യമുണ്ടെങ്കിൽ പോലീസിൽ എസ്ഐ റാങ്കിൽ നിയമനം നൽകാമെന്നും വസന്തകുമാറിന്റെ ഭാര്യ ഷീനയെ മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സൈനികന്റെ ഭാര്യ എന്ന നിലയിൽ ഷീനയ്ക്കു പോലീസിൽ നിയമനം നൽകാൻ സർക്കാർ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആകുലത വേണ്ടെന്നും ഉറപ്പുനൽകി.
പോലീസിലെ ജോലി നല്ലതാണെങ്കിലും അമ്മയെ ശുശ്രൂഷിക്കാനും മക്കളെ വളർത്താനും സൗകര്യമാകുക വെറ്ററിനറി സർവകലാശാലയിലെ ജോലിയാണെന്നു ബികോം(ഫിനാൻസ്) ബിരുദമുള്ള ഷീന മുഖ്യമന്ത്രിയെ അറിയിച്ചു. ഷീന ഇക്കാര്യം മാധ്യമങ്ങൾക്കു മുന്നിലും ആവർത്തിച്ചു.
വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഷീന മുഖ്യമന്ത്രിക്ക് നൽകി. ലക്കിടിയിലെ ഭൂമിക്ക് ആവശ്യമായ രേഖകൾ അനുവദിക്കുക, വസന്തകുമാറിന്റെ സഹോദരി വസുമിതയ്ക്കു ജോലി നൽകുക, കോട്ടപ്പുറത്ത് തുറമുഖ വകുപ്പിൽ സീമാനായി ജോലി ചെയ്യുന്ന വസന്തകുമാറിന്റെ പിതൃസഹോദര പുത്രൻ വി.ആർ. സജീവിനു ഡെപ്യൂട്ടേഷനിൽ വയനാട്ടിൽ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്നതാണു നിവേദനം. ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി. ഇപ്പോൾ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്ന സജീവിന്റെ ജോലിക്കാര്യം ഉന്നയിച്ച് വസന്തകുമാറിന്റെ അമ്മ ശാന്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നിവേദനം നൽകി.