മന്ത്രി മണിയുടെ വിവാദ പരാമർശങ്ങൾ: ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
Friday, November 10, 2017 2:19 PM IST
ന്യൂഡൽഹി: പൊന്പിളൈ ഒരുമ, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എന്നിവർക്കെതിരേ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരേ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടു.
മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നത പദവികളിലിരിക്കുന്നവർ നടത്തുന്ന വിവാദ പ്രസംഗങ്ങൾ തടയാനാകുമോ അതിനു പെരുമാറ്റച്ചട്ടം ആവശ്യമാണോ എന്നീ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. മന്ത്രി നടത്തുന്ന വിവാദ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുത്തരവാദിയാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കേസിൽ വാദം കേൾക്കവേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
പൊന്പിളൈ ഒരുമ പ്രവർത്തകർ, ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ തുടങ്ങിയവർക്കെതിരേ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമർശങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. മന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഹർജിക്കാരനു വേണ്ടി അഭിഭാഷകനായ കാളീശ്വരം രാജ് വാദിച്ചു. മന്ത്രിമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി തടയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് ഇതിൽ ഉത്തരവാദിത്വമുണ്ടെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്. അതേസമയം, മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നത പദവിയിലിരിക്കുന്നവർ വിദ്വേഷപരാമർശങ്ങൾ നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോയെന്ന കാര്യമാവും ഭരണഘടന ബെഞ്ച് പരിശോധിക്കുക. ഉത്തർപ്രദേശിലെ മുൻ മന്ത്രി അസം ഖാനെതിരേയുള്ള ഹർജി നേരത്തേ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. മന്ത്രി എം.എം. മണിയുടെ കേസും ഇതേ ബെഞ്ച് തന്നെയാവും വാദം കേൾക്കുക.
ഉന്നതപദവിയിലുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ആവശ്യമുണ്ടോ, മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പെരുമാറ്റച്ചട്ടം ആവശ്യമാണോ, ഇത്തരം പദവിയിലിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കാമോ തുടങ്ങിയ വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. കേസ് ജനുവരിയിൽ പരിഗണിച്ചേക്കും.