കാറിൽ രക്തം പറ്റും; യുപി പോലീസിന്റെ ക്രൂരതയിൽ രണ്ടു ജീവനുകൾ പൊലിഞ്ഞു
Sunday, January 21, 2018 1:32 AM IST
സഹറാണ്പുർ: കാറിൽ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. രണ്ടു വിദ്യാർഥികൾ രക്തം വാർന്നു മരിച്ചു. സഹറാണ്പുരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികൾ റോഡിൽ രക്തം വാർന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണു സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.
പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാരാണ് സംഭവസ്ഥലത്തെത്തിയെങ്കിലും കാറിൽ രക്തം പറ്റുമെന്നു പറഞ്ഞു വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാതിരുന്നത്. പിന്നീടു പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നു മറ്റൊരു വാഹനമെത്തി വിദ്യാർഥികളെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.